Cinema

ബേബി സുജാതയ്ക്ക് 60 വയസ്;സുജു…നിനക്ക് 60 വയസായെന്നത് വിശ്വസിക്കാൻ പ്രയാസമാണെന്ന് ഗായകൻ ജി.വേണുഗോപാൽ

മലയാളത്തിന്റെ പ്രിയ ഗായിക സുജാതയ്‍ക്ക് ഇന്ന് അറുപതാം പിറന്നാള്‍. നിരവധി പേരാണ് സുജാതയ്ക്ക് സോഷ്യൽ മീഡിയയിൽ ആശംസകളർപ്പിച്ചത്. ഗായകൻ ജി.വേണുഗോപാല്‍ സുജാതയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അറുപത് വയസ് എന്നത് വിശ്വസിക്കാൻ പ്രയാസമാണ് എന്നാണ് ആശംസകള്‍ നേര്‍ന്ന് കൊണ്ട് ഗായകൻ ജി.വേണുഗോപാല്‍ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ബേബി സുജാതയ്ക്ക് അറുപത് വയസ്. വിശ്വസിക്കാൻ പ്രയാസമുണ്ട്. എനിക്ക് ഒരു രണ്ട് വയസ് കൂടുതലും. കാലം കളിവഞ്ചി തുഴഞ്ഞ് ഞങ്ങൾക്ക് മുന്നിലൂടെ കടന്നു പോയിരിക്കുന്നു. തൊള്ളായിരത്തി എഴുപതുകളിലെ ചില ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല. ഞങ്ങളുടെ വടക്കൻ പറവൂർ കുടുംബത്തിലെ രണ്ടാം തലമുറ സംഗീതക്കാരിൽ പ്രശസ്തയായ ബേബി സുജാതയും കൂടെ ബന്ധുവായ ഒരു പയ്യനും തിരുവനന്തപുരത്ത് പ്രിയദർശിനി ഹാളിൽ പാടുന്നു. സുജു അഞ്ചാം ക്ലാസിലും ഞാൻ ഏഴിലും. കുടുംബത്തിലെ ഒരു കല്യാണ വേദിയാണ്. ദാസേട്ടനൊപ്പം ഇന്ത്യയിലും വിദേശത്തും ആയിരക്കണക്കിന് വേദികൾ പങ്കിടുന്ന സുജുവിന് അത് മറ്റൊരു പരിപാടി മാത്രം. എൻ്റെ സംഗീത സ്മരണകളുടെ ആരംഭം അവിടെ നിന്നാണ്. അക്കാലത്ത് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും ഏത് സംഗീത പരിപാടിയുണ്ടെങ്കിലും സുജുവും അമ്മ ദേവി ചേച്ചിയും ഞങ്ങളുടെ പറവൂർ ഹൗസിലാണ് താമസിക്കുക. സുജുവിനോടൊപ്പം ജഗതിയിലെ പ്രഭച്ചേച്ചിയുടെ വീട്ടിൽ പോയി ദാസേട്ടനെ പരിചയപ്പെടുന്നതും, ഒപ്പം ഗാനമേളകൾക്ക് പോകുന്നതും എല്ലാം ഇന്നലെയെന്ന പോലെ തോന്നുന്നു. അവിഭാജ്യ കേരള യൂണിവേഴ്സിറ്റി അന്ന് കൊച്ചിയുടെ വടക്കേയറ്റം വരെ പടർന്ന് നീണ്ടിരുന്നു. യുവജനോത്സ മത്സരങ്ങൾക്ക് സുജുവിൻ്റെ രവിപുരത്തുള്ള വീട്ടിൽ താമസിച്ച്, സാധകം ചെയ്ത് പോകുന്ന നല്ലോർമ്മകൾ. പിൽക്കാലത്ത് എൻ്റെ ഗുരുവും വഴികാട്ടിയുമായ പെരുമ്പാവൂർ രവീന്ദ്രനാഥിനെ ആദ്യമായ് പരിചയപ്പെടുന്നത് ആകാശവാണിയുടെ ലളിതഗാനം സുജുവിനെ പഠിപ്പിക്കുവാൻ ഞങ്ങളുടെ പറവൂർ ഹൗസിൽ വരുമ്പോഴാണ്.
എൻ്റെ ആദ്യ സിനിമാ സോളോ റിക്കാർഡിംങ്ങിന് ചെന്നൈയിൽ എത്തുമ്പോൾ സുജു വിശ്രമത്തിലാണ്. ശ്വേത സുജുവിൻ്റെയുള്ളിൽ രൂപം പ്രാപിക്കുന്നതേയുള്ളൂ. ശ്വേതയുടെ ഒന്നാം പിറന്നാളിനും ഞാനുണ്ട്. തൊണ്ണൂറുകളോടെ സുജു വീണ്ടും സിനിമാ ഗാനങ്ങളിൽ സജീവമാകാൻ തുടങ്ങി. അഡ്വർട്ടൈസ്മെൻ്റ് സംഗീതരംഗത്തെ ഒരു മിടുമിടുക്കൻ പയ്യൻ ദിലീപിനെക്കുറിച്ച് സുജൂ പറഞ്ഞാണ് ഞാനറിയുന്നത്. പിൽക്കാലത്ത് എ.ആർ റഹ്മാൻ്റെ സംഗീതത്തിലൂടെ സുജുവിൻ്റെ ശബ്ദം തെന്നിന്ത്യൻ സിനിമാ സംഗീതത്തിൻ്റെ ഒരവിഭാജ്യ ഘടകമായി മാറി. ഏതാണ്ടതേ സമയത്ത് തന്നെയായിരുന്നു വിദ്യാസാഗറിൻ്റെ ഹിറ്റ് ഗാനങ്ങളേറെയും സുജുവിൻ്റെ ശബ്ദത്തിലിറങ്ങുന്നതും. തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ സുജുവിൻ്റെ വേറിട്ട ആലാപന ശൈലി മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടത്തിലും വേരൂന്നിക്കഴിഞ്ഞിരുന്നു. തൊണ്ണൂറുകളും മില്ലനിയവും ഈ രണ്ട് ഗായികമാർ, ചിത്രയും സുജാതയും അവരുടെശബ്ദ സൗഭഗത്താൽ അനുഗ്രഹീതമായ പെൺ പാട്ടുകൾ കൊണ്ട് നിറച്ച ഒരു കാലം കൂടിയാണ്. ചിത്രയുടെത് പോലെ ശാസ്ത്രീയ നിബദ്ധമായ അഭൗമമായ ഒരു പെർഫക്ഷൻ തലത്തിലേക്ക് പോകുന്ന ഗാനങ്ങളായിരുന്നില്ല സുജു പാടിയത്. കുസൃതിയും, കൊഞ്ചലും, പരിഭവവും, പ്രണയ പരവശതയുമൊക്കെ ചേരുന്നൊരു കാമുകീ ശബ്ദമാണ് സുജുവിൻ്റെത്. ഇതെൻ്റെ കാമുകിയുടേത് എന്ന് ഓരോ സംഗീതാരാധകനേയും തോന്നിപ്പിക്കുന്ന ഒരു ശബ്ദം. ഇത് തന്നെയായിരിക്കണം സുജു ആലാപനത്തിലൂടെ ചാർത്തിയ കയ്യൊപ്പും. മുഖത്തെ ചിരി ശബ്ദത്തിലേക്കും സന്നിവേശിക്കുമ്പോഴുള്ളൊരു മാജിക്, അതാണ് സുജാതയുടെ പാട്ട്. സുജുവിൻ്റെ ഈ പ്രസന്നാത്മകത തന്നെയാണ് ഏറ്റവും വലിയ സ്വഭാവ ഗുണം എന്ന് വർഷങ്ങളായടുത്തറിയുന്ന എനിക്ക് സിസ്സംശയം പറയാം. അച്ഛനില്ലാത്ത കുട്ടിയെ ഭദ്രമായി വളർത്തിയെടുത്ത് അവളുടെ സംഗീതത്തിനും സ്വഭാവത്തിനും ഒരു ലാവണ്യത നൽകുന്നതിൽ അമ്മ ദേവിച്ചേച്ചി വഹിച്ച പങ്ക് വലുതാണ്. ഗായകരിൽ ഈഗോ പ്രശ്നങ്ങൾ തീരെ ബാധിക്കാത്ത ഒരാളാണ് സുജു. തൻ്റെ പരിമിതികളും ശക്തിയും സുജുവിന് കൃത്യമായറിയാം. റിക്കോർഡുകൾക്കും സ്റേറജ് പരിപാടികൾക്കും ടി.വി റിയാലിറ്റി ഷോകൾക്കുമിടയിലെ പ്രതിസന്ധി ഘട്ടങ്ങളെ, ലാഘവത്തോടെ, ഒരു ചിരിയോടെ തരണം ചെയ്യുന്ന സുജുവിനെ എനിക്ക് നന്നായറിയാം. സുജുവിൻ്റെ ഭർത്താവ് മോഹനാണ് സുജുവിൻ്റെ ഏറ്റവും വലിയ അനുഗ്രഹം. ഈ അറുപതും എഴുപതുമെല്ലാം സുജു ഒരു ചെറുചിരിയോടെ ചാടിക്കടക്കും. എൻ്റെയൊരാഗ്രഹം ഞാൻ സുജുവിനോടും ശ്വേതയോടും പറഞ്ഞിട്ടുണ്ട്. ബേബി സുജാതയോടൊപ്പം പാടിയിട്ടുണ്ട്. ബേബി സുജാതയുടെ ബേബിയായ ശ്വേതയോടൊപ്പം പാടി. ഇനി ശ്വേതയുടെ ബേബി ശ്രേഷ്ഠയോടൊപ്പം ഒരു പാട്ട് പാടണമെന്ന അതിമോഹം ബാക്കിയുണ്ട്. അങ്ങനെ 60കളിലും ഞങ്ങൾ പാടിക്കൊണ്ടേയിരിക്കുന്നു. പ്രായത്തിനെ മറികടക്കാൻ സംഗീതത്തിനാകുമെന്നാണ് വിശ്വാസം. അമ്മൂമ്മയുടെ റോൾ സുജു ആസ്വദിച്ചേറെറടുത്തിരിക്കുകയാണ്. ശ്രേഷ്ഠ വളരട്ടെ. അവളുടെ പാട്ടും കാതോർത്തൊരു വല്യമ്മാമൻ കാത്തിരിക്കുന്നുണ്ട്.

anaswara baburaj

Recent Posts

ബിജെപി ശക്തികേന്ദ്രങ്ങളിൽ കനത്ത പോളിംഗ് ! മൂന്നാം ഘട്ടത്തിൽ ആവേശം

വോട്ട് ചെയ്യാൻ തെരുവിലിറങ്ങി മോദിയും അമിത്ഷായും ! നവഭാരതത്തിലെ രാമ ലക്ഷമണന്മാരെന്ന് സോഷ്യൽ മീഡിയ I NARENDRA MODI

21 mins ago

രാമക്ഷേത്രം സന്ദർശിച്ച തന്നെ കോൺഗ്രസ് നേതൃത്വം അവഗണിച്ചു

ചില നേതാക്കളുടെ പെരുമാറ്റത്തെ കുറിച്ച് പരാതി പറഞ്ഞാൽ ദേശീയ നേതൃത്വത്തിന് മൗനം I CONGRESS

27 mins ago

സുധാകരന്റെ സമ്മര്‍ദ്ദം ഫലം കണ്ടു; അദ്ധ്യക്ഷ പദവി തിരികെ നല്‍കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം; നാളെ ചുമതലയേല്‍ക്കും !

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ.സുധാകരൻ തിരികെയെത്തും. സുധാകരന് പദവി കൈമാറാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതോടെ നാളെ അദ്ദേഹം അദ്ധ്യക്ഷനായി വീണ്ടും…

30 mins ago

ഐസിയു പീഡനക്കേസ്; ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ മൊഴി രേഖപ്പെടുത്തിയ ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവ്. ഉത്തര…

1 hour ago

മന്ത്രവാദത്തിലൂടെ കുടുംബപ്രശ്‌നം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടി; മൂന്ന് കുടുംബങ്ങളില്‍നിന്നായി തട്ടിയെടുത്ത് 25.000 രൂപ; നാല് പേർ പിടിയിൽ

ഇടുക്കി: മന്ത്രവാദത്തിലൂടെ കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ നാല് തമിഴ്നാട് സ്വദേശികൾ പിടിയിൽ. തിരുവള്ളൂർ സ്വദേശി വാസുദേവൻ (28),…

2 hours ago

എയ്‌ഡ്‌സ്‌ രോഗം കാരണം അനാഥരായ കുരുന്നുകൾക്ക് സ്നേഹ സ്‌പർശം; ഇന്ന് ലോക എയ്‌ഡ്‌സ്‌ അനാഥ ദിനം!

മാതാപിതാക്കളിൽ നിന്ന് പകർന്നു കിട്ടിയ എയ്‌ഡ്‌സ്‌ രോഗം കാരണം അനാഥരായ രണ്ട് കുരുന്നുകൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട സംഭവം നടന്നത്…

3 hours ago