ഉത്തരാഖണ്ഡിലെ ഹിമാലയൻ സാനുക്കളിൽ നിന്നും ഉത്ഭവിക്കുന്ന അളകനന്ദ നദി തീരത്ത് നാരായണ ചൈതന്യം ഏറ്റവും വിളങ്ങുന്നതും, വൈഷ്ണവരുടെ 108 ദിവ്യ ദേശങ്ങളിൽ ഒന്നുമായ ബദരിനാഥ ക്ഷേത്രം 1000 വർഷങ്ങൾക്ക് മുൻപ് മഹാനായ ശ്രീ ശങ്കരാചാര്യ സ്വാമികൾ പുന:സ്ഥാപിച്ചു എന്നാണ് വിശ്വാസം.
പാലക്കാട് ജില്ലയിൽ മഹാകുബേരയാഗം (2022 ഏപ്രിൽ 17 മുതൽ 24 വരെ) നടന്ന ചളവറ കുബേര പുരിയിലെ കുബേര ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ബദരിനാഥിൽ നിന്നുമുള്ള പവിത്രമായ മണ്ണ് പൂജാവിധികളോടെ കൊണ്ടുവന്ന് യാഗഭൂമി പവിത്രീകരിക്കുകയുണ്ടായി.
കുബേര ക്ഷേത്രത്തിൻ്റെ ഇക്കൊല്ലത്തെ ദീപാവലി ആഘോഷങ്ങളുടെ മുന്നോടിയായി, കുബേര ഭാഗവാൻ്റെ സുവർണ്ണ വിഗ്രഹം ബദരീനാഥിൽ നിന്നും പൂജിച്ച് കൊണ്ടുവന്ന്, ഭക്തർക്ക് ദർശനം നടത്തുവാൻ 2022 ഒക്ടോബർ 20 മുതൽ അവസരം ഒരുങ്ങുകയാണ്.
തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമികൾ എന്നറിയപ്പെടുന്ന നടുവിൽമഠം അച്യുതഭാരതി സ്വാമികൾ കുബേര ഭഗവാൻ്റെ സുവർണ്ണ വിഗ്രഹം പൂജിക്കുവാനും ഭക്തരെ ആശിർവദിക്കാനുമായി 2022 ഒക്ടോബർ 12ന് ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഈകാട്ട് നാരായണൻ നമ്പൂതിരിപ്പാടിൻ്റെയും, തന്ത്രി ബ്രഹ്മശ്രീ മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ താന്ത്രിക ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം, മഹാ കുബേര യാഗത്തിൻ്റെ യജമാനനായിരുന്ന ജിതിൻ വൈശ്രവണി അടങ്ങുന്ന സംഘം കുബേര സുവർണ്ണ വിഗ്രഹവുമായി ബദരിനാഥ ക്ഷേത്രത്തിലേക്ക് യാത്രയാകുന്നതാണ്.

