Saturday, May 18, 2024
spot_img

പബ്‌ജിയിൽ വിരിഞ്ഞ ഒരു ഇന്ത്യ – പാക് പ്രണയ കഥ ! മൊബൈൽ ഗെയിമിലൂടെ പ്രണയത്തിലായി അനധികൃതമായി ഇന്ത്യയിലെത്തിയ പാക് വനിതയ്ക്കും യുപി സ്വദേശിക്കും ജാമ്യം

നോയിഡ : മൊബൈൽ ഗെയിംമായ പബ്ജിയിലൂടെ സൗഹൃദത്തിലാവുകയും പിന്നീട് പ്രണയത്തിലായി അനധികൃതമായി ഇന്ത്യയിലെത്തിയ പാക് വനിത സീമ ഹൈദറിനും ഉത്തർപ്രദേശ് സ്വദേശി സച്ചിൻ മീണയ്ക്കും ജാമ്യം ലഭിച്ചു. തന്റെ നാലു കുട്ടികൾക്കൊപ്പം ഇന്ത്യയിലെത്തി നിയമവിരുദ്ധമായി താമസിച്ചു വരികയായിരുന്ന പാക് യുവതിയെ ഈ മാസം നാലിനാണ് പോലീസ് അറസ്റ്റ് ചെയ്തത്.

‘‘എന്റെ ഭർത്താവ് ഹിന്ദുവാണ്. അതുകൊണ്ട് ഞാനും ഹിന്ദുവാണ്. ഇപ്പോൾ ഞാനൊരു ഇന്ത്യക്കാരിയാണെന്നാണ് എനിക്കു തോന്നുന്നത്’’– ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള യുവതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. മുപ്പതു വയസ്സുകാരിയായ സീമയും 25 വയസ്സുകാരനായ സച്ചിനും ഇക്കഴിഞ്ഞ മാർച്ചിൽ നേപ്പാളിൽ വച്ചാണ് വിവാഹിതരായിരുന്നു. കോവിഡ് കാലത്താണ് ഇരുവരും പബ്ജിയിലൂടെ പരിചയപ്പെട്ടത്.

കറാച്ചിയില്‍നിന്ന് ദുബായിലേക്കാണ് യുവതി ആദ്യം പോയത്. പിന്നീട് വിമാനമാർഗം അവർ നേപ്പാളിലെത്തി. തുടർന്ന് റോഡ് മാർഗം പൊഖാറയിലെത്തുകയും അവിടെ വച്ചാണ് സച്ചിനെ ആദ്യമായി നേരിൽ കാണുന്നതും. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും അവരവരുടെ രാജ്യങ്ങളിലേക്ക് തിരികെ പറന്നു. നാട്ടിലെത്തിയ സീമ ആദ്യം സ്വന്തം പേരിലുള്ള വസ്തു വിറ്റു. ഇതിലൂടെ കിട്ടിയ 12 ലക്ഷം രൂപയ്ക്കു തനിക്കും നാലു മക്കൾക്കുമുള്ള ടിക്കറ്റും നേപ്പാൾ വീസയും എടുത്തു. പിന്നീട് മെയ് മാസത്തിൽ ദുബായ് വഴി നേപ്പാളിലെത്തിയ സീമയും കുട്ടികളും പൊഖാറയിൽ കുറച്ചു നാൾ കഴിഞ്ഞു. പിന്നീട് കഠ്മണ്ഡുവിൽ നിന്നു ബസ് മാർഗം ദില്ലിയിലും പിന്നീട് മേയ് 13ന് ഗ്രേറ്റർ നോയിഡയിലും എത്തി. അവിടെ സീമയ്ക്കും കുട്ടികൾക്കും കഴിയാനായി സച്ചിൻ താമസസൗകര്യം ഒരുക്കിയിരുന്നു.

നിയമംലംഘിച്ച് ഇന്ത്യയിൽ പ്രവേശിച്ചതിനെ തുടർന്ന് ഈ മാസം 4 ന് സീമയെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിച്ചതിൽ സച്ചിനെതിരെയും കേസെടുത്തു. കഴിഞ്ഞ ദിവസം സീമയ്ക്ക് ജാമ്യം ലഭിച്ചു. സീമയ്ക്ക് ഇന്ത്യയിൽ തുടരുന്നതിനുള്ള ഔദ്യോഗികമായ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം തന്റെ ഭാര്യയെ തിരികെ ലഭിക്കണമെന്ന ആവശ്യവുമായി സീമയുടെ ആദ്യ ഭർത്താവ്‍ ഗുലാം ഹൈദർ രംഗത്ത് വന്നിരിക്കുകയാണ്. ഭാര്യയെ തിരികെ ലഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ സഹായിക്കണമെന്നാണ് ഗുലാം ഹൈദർ ആവശ്യപ്പെട്ടത്. എന്നാൽ ഗുലാം ഹൈദറിനൊപ്പം പോകാൻ തനിക്ക് ആഗ്രഹമില്ലെന്ന് സീമ പറഞ്ഞു.

Related Articles

Latest Articles