ജമാ അത്തെ ഇസ്‌ലാമിയുടെ ഉടമസ്ഥതയിലുള്ള മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക ഉത്തരവിലൂടെ ഇന്നലെ തടഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് നടപടി എന്ന് ചാനൽ അധികൃതർ തന്നെ വിശദീകരിക്കുമ്പോൾ തന്നെ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ നടപടിയിലേക്ക് നയിച്ച കാരണങ്ങൾ അൽപ്പം ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ. വ്യക്തമായ കാരണങ്ങൾ ലഭ്യമല്ലെങ്കിലും ചില സൂചനകൾ അൽപ്പം വസ്തുതാ വിശകലനം ചെയ്യാനറിയാവുന്നവർക്ക് കിട്ടുന്നുണ്ട്. പരിഷ്കൃത സമൂഹം പ്രതിസ്ഥാനത്ത് നിർത്തുന്ന താലിബാനെ പോലുള്ള മത തീവ്ര സംഘടനകളോട് രാഷ്ട്രത്തിന്റെ നിലപാടിന് വിരുദ്ധമായി മീഡിയ വൺ സ്വീകരിച്ച നിലപാടുകൾ നമുക്കറിയാം. താലിബാൻ ഒരു വിസ്മയമാണെന്നു വരെ പറഞ്ഞ ഒരു മാധ്യമമാണ് മീഡിയ വൺ. നമ്മുടെ രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും നിലപാട് മറ്റൊന്നായിരിക്കെ താലിബാനെ പോലുള്ള മത തീവ്രവാദ പ്രത്യയ ശാസ്ത്രങ്ങളോട് ഈ മാധ്യമ സ്ഥാപനം കാട്ടുന്ന മമതയും പിന്തുണയുമാണോ അവസാനത്തെ ആണിയായി മാറിയത്?
രാജ്യത്തിന്റെ സാറ്റ്‌ലൈറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ചാനലിന്റെ കണ്ടെന്റ് മാത്രമല്ല സെക്യൂരിറ്റി ക്ലിയറൻസിനു പരിഗണിക്കുക. ഏതൊരു ചാനലിന്റെയും ഉള്ളടക്കം മാത്രമായിരിക്കില്ല ആഭ്യന്തര വകുപ്പിന്റെ objection നു കാരണം. ഒരു പക്ഷെ ആ സ്ഥാപനത്തിൽ ഉന്നത പദവി വഹിക്കുന്നവരുടെ അന്താരാഷ്ട്ര ബന്ധങ്ങളും ബിസിനസ്സ് ഇടപാടുകളും വ്യക്തിപരമായ കേസുകളും യാത്രകളുമൊക്ക ഒരു പ്രതികൂല റിപ്പോർട്ടിന് കാരണമായേക്കാം. രഹസ്യാന്വേഷണ വകുപ്പുകൾ മുതൽ വിവിധ ഏജൻസികളുടെയും electronic monitoring cell ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും മന്ത്രയലത്തിൽ ഈ കാലയളവിൽ ലഭിച്ച പരാതികളുടെയും ഒക്കെ അടിസ്ഥാനത്തിൽ ആണ് ആഭ്യന്തര വകുപ്പ് സെക്യൂരിറ്റി ക്ലീയരൻസ് പോലുളള വിഷയങ്ങളിൽ തീരുമാനത്തിൽ എത്തുന്നത്. ഇവിടെ മീഡിയ one നു ക്ലീയരൻസ് പുതുക്കേണ്ട എന്ന തീരുമാനത്തിന്റെ പിന്നിലും അങ്ങനെ ഏതെങ്കിലും ഒരു കാരണമോ ഒന്നിൽ കൂടുതൽ വിഷയങ്ങളോ ഉണ്ടായിട്ടുണ്ടാകാം. ഈ ചാനലുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകർ അടക്കമുള്ളവരുടെ അന്താരാഷ്ര ബന്ധങ്ങളും സംശയകരമായ ചില വിദേശ യാത്രകളും ചാനലിന് സെക്യൂരിറ്റി ക്ലിയറൻസ് കിട്ടാൻ തടസ്സമായിട്ടുണ്ടോ
2011 ൽ ചാനൽ ലൈസൻസ് നേടിയതുതന്നെ വളഞ്ഞ വഴിയിലൂടെയാണ് എന്ന് റിപ്പോർട്ടുകളുണ്ട്. അന്നുതന്നെ ആഭ്യന്തര മന്ത്രാലയം ചില തടസ്സവാദങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ അന്ന് കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനായിരുന്ന എ കെ ആന്റണിയുടെ ഇടപെടലുകൾ ചാനലിന് പച്ചക്കൊടി കിട്ടാൻ ഏറെ സഹായകമായിട്ടുണ്ട്. എന്നാലിന്ന് അത്തരം ശുപാർശകളും നിയമ വിരുദ്ധ ഇടപെടലുകളും ദില്ലിയിൽ വിലപ്പോവില്ല. രാഷ്ട്രീയ സ്വാധീനത്തിനു വേറെ മാർഗ്ഗങ്ങളില്ലാതായപ്പോൾ അനുമതിയും വൈകുന്നു എന്ന് ന്യായമായും സംശയിക്കാം.
2011 സെപ്റ്റംബർ 30 നാണ് മീഡിയ വണ്ണിന് സംപ്രേകഷണാവകാശം നൽകിക്കൊണ്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ലൈസൻസ് നൽകിയത്. 2021 സെപ്റ്റംബർ 29 ന് പത്തുവർഷത്തേക്കുള്ള ആ ലൈസൻസിന്റെ കാലാവധി അവസാനിച്ചിരുന്നു. 2021 മെയ് 3 നാണ് ലൈസൻസ് പുതുക്കാനുള്ള അപേക്ഷ ചാനൽ സമർപ്പിച്ചിരിക്കുന്നത് അതായത് ഇന്നേക്ക് ഏകദേശം 8 മാസം മുമ്പ്. ആഭ്യന്തര വകുപ്പിൻറെ ക്ലിയറൻസ് ലഭിക്കാത്തതുകൊണ്ടാണ് ലൈസൻസ് ഇതുവരെയും പുതുക്കി നൽകാത്തത് എന്നറിയുന്നു. എട്ടുമാസമായി ആഭ്യന്തരവകുപ്പിന്റെ ക്ലിയറൻസ് നേടിയെടുക്കാൻ മീഡിയ വണ്ണിന് കഴിയാത്തതെന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ 8 മാസമായി തങ്ങൾക്ക് ക്ലിയറൻസ് നൽകാതെ ആഭ്യന്തര മന്ത്രാലയം തടഞ്ഞു വച്ചിരിക്കുന്നു എന്ന് ചാനൽ ഇന്നേവരെ ഒരിടത്തും പറഞ്ഞിട്ടുമില്ല. അപ്പോൾ ഗുരുതരമായ വിഷയം ഈ നിരോധനത്തിന് പിന്നിലുണ്ട് എന്ന് തന്നെ കരുതണം. രാജ്യത്ത് നൂറുകണക്കിന് മാധ്യമങ്ങൾ സ്വതന്ത്രമായി തന്നെ ഏതൊരു തടസ്സവും കൂടാതെ പ്രവർത്തിക്കുമ്പോൾ എന്തുകൊണ്ട് മീഡിയ വൺ എന്നതിന് ഉത്തരമിതല്ലേ. മാധ്യമ സ്ഥാപനത്തിന്റെ ഓണർഷിപ് പാറ്റേൺ മുതൽ മുതൽ അതുമായി ബന്ധപ്പെട്ടവരുടെ വിദേശയാത്രകൾ വരെ ആഭ്യന്തര വകുപ്പിന് വിഷയമായിട്ടുണ്ടാകാം. കാരണം സർവൈലൻസിനു ദേശ സുരക്ഷയിൽ വലിയ പ്രാധാന്യമുണ്ടെന്ന് നമ്മുടെ രാജ്യം വിശ്വസിക്കുന്ന ഒരു കാലഘട്ടമാണ്. എന്തായാലും ദീർഘകാലമായി ആഭ്യന്തര വകുപ്പിന് മുന്നിൽ വിശദീകരിക്കാൻ സാധിക്കാത്ത ഒരു സമസ്യ ഈ നിരോധനത്തിലുണ്ട് എന്ന് വ്യക്തം. രാഷ്ട്രീയ ഫാസിസമായിരുന്നെങ്കിൽ ലൈസൻസ് കാലാവധി തീർന്ന കഴിഞ്ഞ വര്ഷം സെപ്റ്റംബറിന് തന്നെ ഇത് അടച്ചു പൂട്ടാനുള്ള വകുപ്പുണ്ടായിരുന്നു.

