Friday, January 9, 2026

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട ! മത നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ചു ;ഏഴ് പേർ പിടിയിൽ

മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ് ഫാക്ടറിയിലെ തൊഴിലാളിയായ ദിപു ചന്ദ്ര ദാസ് (25) ആണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച രാത്രിയോടെ ഫാക്ടറി പരിസരത്ത് പടർന്ന വ്യാജാരോപണത്തെത്തുടർന്ന് പ്രകോപിതരായ ജനക്കൂട്ടം യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ച ദിപുവിന്റെ മൃതദേഹം പിന്നീട് ധാക്ക-മൈമൻസിങ് ഹൈവേയുടെ വശത്ത് ഉപേക്ഷിക്കുകയും പരസ്യമായി തീയിടുകയും ചെയ്തു. ഈ അതിക്രൂരമായ പ്രവർത്തി തെരുവുകളിൽ വലിയ ഗതാഗതക്കുരുക്കിനും സംഘർഷാവസ്ഥയ്ക്കും കാരണമായി.

ദിപുവിന്റെ പിതാവ് രവിലാൽ ദാസ് തന്റെ മകനുണ്ടായ ദാരുണമായ അനുഭവം കണ്ണീരോടെയാണ് മാദ്ധ്യമങ്ങളോട് പങ്കുവെച്ചത്. മകനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചുവെന്നും ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ദിപു. ഭിന്നശേഷിക്കാരനായ പിതാവും മാതാവും ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബം ഈ യുവാവിന്റെ വരുമാനത്തിലാണ് കഴിഞ്ഞിരുന്നത്. സംഭവത്തിൽ ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്ന് നേരിട്ടുള്ള ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം, കുറ്റവാളികളെ വെറുതെ വിടില്ലെന്നും പുതിയ ബംഗ്ലാദേശിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും ഇടക്കാല സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ റാപ്പിഡ് ആക്ഷൻ ബട്ടാലിയൻ (RAB) അറസ്റ്റ് ചെയ്തിട്ടുണ്ട്. ലിമൺ സർക്കാർ, താരിഖ് ഹുസൈൻ, മണിക് മിയ തുടങ്ങിയവരുൾപ്പെടെയുള്ള പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് സുരക്ഷാ സേന പിടികൂടിയത്. ഒരു നിസാര തർക്കത്തിന്റെ പേരിൽ സഹപ്രവർത്തകൻ ഉന്നയിച്ച വ്യാജ ആരോപണമാണ് വലിയൊരക്രമത്തിലേക്ക് നയിച്ചതെന്ന് എഴുത്തുകാരി തസ്‌ലീമ നസ്രീൻ പ്രതികരിച്ചു. പോലീസ് സംരക്ഷണയിലായിരുന്നിട്ടും യുവാവിനെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ഇത് ക്രമസമാധാന നിലയുടെ തകർച്ചയാണെന്നും അവർ കൂട്ടിച്ചേർത്തു.

മൈമൻസിങ്ങിലെ ഈ ആൾക്കൂട്ടക്കൊലപാതകം അന്താരാഷ്ട്ര തലത്തിലും വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രീയ നേതാക്കളും സംഭവത്തെ ശക്തമായി അപലപിച്ചു. ബംഗ്ലാദേശിന്റെ രൂപീകരണത്തിനായി ജീവൻ നൽകിയ ഇന്ത്യൻ സൈനികരുടെ ത്യാഗത്തെ അനുസ്മരിച്ച പവൻ കല്യാൺ, ന്യൂനപക്ഷങ്ങൾക്കെതിരായ ഇത്തരം ആക്രമണങ്ങൾ ദൗർഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ടു.

Related Articles

Latest Articles