Thursday, January 8, 2026

ബംഗ്ലാദേശി കൊള്ളസംഘത്തലവന്‍ അറസ്റ്റില്‍: അറസ്റ്റിലായത് ബംഗ്ലാ ഗ്യാംഗില്‍പ്പെട്ട മൂന്ന് കൊലക്കേസിലും പ്രതിയായ ഇല്യാസ് ഷിക്കാരി

കണ്ണൂര്‍: കൊല്‍ക്കത്തയില്‍ ബംഗ്ലാദേശി കൊള്ളസംഘത്തലവന്‍ അറസ്റ്റിലായി. മാധ്യമപ്രവര്‍ത്തകന്‍ കെ.വിനോദ്ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് വീട് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായത്. ബംഗ്ലാ ഗ്യാംഗില്‍പ്പെട്ട ഇല്യാസ് ഷിക്കാരി(36)യാണ് കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്.

കൊള്ളസംഘത്തിന്റെ നേതാവും മൂന്ന് കൊലക്കേസിലും നിരവധി കവര്‍ച്ചക്കേസിലും പ്രതിയുമായ ഇയാള്‍ ഇല്യാസ് ഖാന്‍, സജീവ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. പ്രതിയെ കണ്ണൂരിലെത്തിക്കാന്‍ പോലീസ് സംഘം കൊല്‍ക്കത്തയിലേക്ക് പോയി.

മോഷണക്കേസില്‍ ഇയാളുടെ കൂട്ടുപ്രതിയായ മാണിക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കൊണ്ടുപോകുംവഴി ചെറുതുരുത്തിയില്‍ തീവണ്ടിയില്‍നിന്ന് ചാടിരക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ബുധനാഴ്ച മാണിക് പിടിയിലായി. ഇയാള്‍ രക്ഷപ്പെട്ടയുടന്‍ കൊല്‍ക്കത്തയുള്‍പ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് പോലീസ് വിവരം കൈമാറി. അതിനിടെയാണ് മുഖ്യപ്രതിയായ ഇല്യാസ് ഷിക്കാരി പിടിയിലായ വിവരം പുറത്തുവന്നത്.

ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പാസ്പോര്‍ട്ട് സ്വന്തമായുള്ള ഇല്യാസ് ക്രൂരനായ കവര്‍ച്ചക്കാരനാണെന്ന് പോലീസ് പറഞ്ഞു. ധാര്‍വാര്‍, ഹുബ്ലി, ഭോപാല്‍, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ ഈ സംഘം കവര്‍ച്ചയ്ക്കിടെ കൊലപാതകവും നടത്തിയിട്ടുണ്ട്. മാണിക് സര്‍ക്കാറിന് വാതിലുകളും ജനലുകളും തകര്‍ക്കുന്നതില്‍ പ്രത്യേക കഴിവുണ്ട്. എതിര്‍ത്തുനില്‍ക്കുന്ന ഇരയെ നിഷ്‌കരുണം കൊല്ലാന്‍ മടിക്കാത്തയാളാണ് ഇല്യാസ്.

Related Articles

Latest Articles