Saturday, December 27, 2025

ബാലരാമപുരത്ത് വാഹന പരിശോധനയിൽ നെയ്യാറ്റിൻകര എക്‌സൈസിന്റെ വലയിൽ കുടുങ്ങിയത് 30 കിലോഗ്രാം നിരോധിത പാൻമസാല; പ്രതി ഷെഹിൻ മൻസൂറിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ ഉദ്യോഗസ്ഥർ ഞെട്ടി; വീട്ടിൽ സൂക്ഷിച്ച നിലയിൽ അവസാനം പിടിച്ചെടുത്തത് 400 കിലോഗ്രാം പാൻ മസാല

തിരുവനന്തപുരം: തലസ്ഥാനത്ത് വീട്ടിൽ സൂക്ഷിച്ച നിലയിൽ 400 കിലോഗ്രാം നിരോധിത പാൻ മസാല പിടിച്ചെടുത്ത് എക്സൈസ്. തിരുവനന്തപുരം കാക്കാമൂലയിൽ, എ എഫ് മൻസിലിൽ അബ്ദുൾ റഷീദ് മകൻ ഷാജിയുടെ വീട്ടിൽ നിന്നാണ് പാൻ മസാല പിടിച്ചെടുത്തത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൽ ആർ അജീഷിന്റെ നേതൃത്വത്തിൽ ബാലരാമപുരം ഭാഗത്ത് വാഹന പരിശോധന നടത്തിവരവേ 30 കിലോഗ്രാം പാൻ മസാലയുമായി പരശുവയ്ക്കൽ ഇടിച്ചക്കപ്ലാമൂട് സ്വദേശി ഷെഹിൻ മൻസൂർ പിടിയിലാകുകയായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് വൻ തോതിൽ നിരോധിത പാൻ മസാല ശേഖരം പിടിച്ചെടുത്തത്. ഇൻസ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ പി ലോറൻസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എസ് എസ്, അനീഷ് വി, ഡ്രൈവർ അനിൽകുമാർ തുടങ്ങിയവർ റെയ്‌ഡിൽ പങ്കെടുത്തു.

കേരളാ തമിഴ്‌നാട് അതിർത്തി താലൂക്കുകളിൽ നിരോധിത പാൻ മസാല വ്യാപാരം വ്യാപകമാണെന്ന പരാതി ഉയർന്നിരുന്നു. വാൻ തോതിൽ തമിഴ്‌നാട്ടിൽ നിന്നും മറ്റും വാങ്ങി ചെറുകിട വിൽപ്പനക്കാരിലേക്ക് എത്തിക്കുന്ന വൻകിടക്കാരും ഈ മേഖലയിൽ ഉണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് നെയ്യാറ്റിൻകര എക്‌സൈസിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡും ലഹരിവേട്ടയും.

Related Articles

Latest Articles