ടെല് അവീവ് : ഇസ്രയേലിനു നേരെ ഹമാസ് നടത്തിയ നരനായാട്ടിനിടെ കൊല്ലപ്പെട്ട യുവതിയുടെയും ആൺ സുഹൃത്തിന്റെയും മൃതദേഹം പിതാവ് കണ്ടെത്തിയത് മൊബൈല് ഫോണിന്റെയും ആപ്പിള് വാച്ചിന്റെയും സഹായത്തോടെ. ഇസ്രയേല്-അമേരിക്കന് കമ്പ്യൂട്ടര് നെറ്റ്വര്ക്ക് കമ്പനിയായ ‘മെല്ലനോക്സി’ന്റെ സ്ഥാപകനും വ്യവസായിയുമായ ഇയാല് വോള്ഡ്മാനാണ് കാണാതായ മകളെ ജീവനോടെ കണ്ടെത്താമെന്ന വിശ്വാസത്തോടെ നടത്തിയ അന്വേഷണത്തിൽ മകളുടെ മൃതദേഹം കണ്ടെത്തിയത്.
വടക്കന് ഇസ്രയേലില് നടന്ന സംഗീതപരിപാടിയില് പങ്കെടുക്കുന്നതിനിടെയാണ് വോള്ഡ്മാന്റെ മകള് ഇരുപത്തിനാലുകാരിയായ ദാനിയേല് ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദാനിയേലും ആണ്സുഹൃത്ത് നോം ഷായും ഒന്നിച്ചാണ് വടക്കന് ഇസ്രയേലില് നടന്ന നോവാ മ്യൂസിക് ഫെസ്റ്റിവലില് പങ്കെടുക്കാനെത്തിയത്. ആ സമയമാണ് ഇസ്രയേലിനു നേരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ദാനിയേലിന്റെ ഫോണില് നിന്ന് വോള്ഡ്മാന് എമര്ജന്സി കോള് ലഭിച്ചു. ഇതോടെയാണ് മകളെ കണ്ടെത്താനായി വോള്ഡ്മാൻ അമേരിക്കയിൽ നിന്ന് ഇസ്രായേലിലേക്ക് പറന്നെത്തിയത്. മകളെ ഹമാസ് തീവ്രവാദികൾ സംഘം തട്ടിക്കൊണ്ടുപോയ ബന്ദികളിൽ മകളും ഉണ്ടാകുമെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ മൊബൈൽ ഫോണിന്റെ ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് ദാനിയേൽ എവിടെയാണെന്ന് തെരഞ്ഞതോടെയാണ് ആക്രമണം നടന്ന സ്ഥലത്തുനിന്ന് മകളുടെയും ആൺ സുഹൃത്തിന്റെയും മൃതദേഹം കണ്ടെത്തിയത്.
ഹമാസിന്റെ ആക്രമണത്തിനിടെ ദാനിയേലും നോമും കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാർ വളഞ്ഞ തീവ്രവാദികൾ ഇരു ദിശകളിൽ നിന്ന് വെടിയുതിര്ത്ത് ഷെല്ലുകള് വലിച്ചെറിയുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഇരുവരും കൊല്ലപ്പെട്ടു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ദാനിയേലിനേയും നോമിനെയും ഒന്നിച്ച് സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം

