Sunday, December 14, 2025

കുറുക്കുവഴി രാഷ്ട്രീയത്തോട് ജാഗ്രത പാലിക്കണം; വോട്ട് രേഖപ്പെടുത്തുമ്പോൾ ബജ്‌റംഗ് ബലി എന്ന് വിളിച്ച് കോൺഗ്രസിന്റെ അധിക്ഷേപ സംസ്‌കാരത്തിന് മറുപടി കൊടുക്കണമെന്ന് പ്രധാനമന്ത്രി

ദില്ലി: കർണാടക ജനത കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും കുറുക്കുവഴി രാഷ്ട്രീയത്തോട് ജാഗ്രത പാലിക്കണമെന്നും വോട്ട് രേഖപ്പെടുത്തുമ്പോൾ ജയ് ബജ്‌റംഗ് ബലി എന്ന് വിളിച്ച് കോൺഗ്രസിന്റെ അധിക്ഷേപ സംസ്‌കാരത്തിന് മറുപടി കൊടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകം മുഴുവൻ നമ്മുടെ സൈനികരെ ബഹുമാനിക്കുമ്പോൾ കോൺഗ്രസ് അവരെ അപമാനിക്കുന്നെന്നും മോദി പറ‌ഞ്ഞു. നിങ്ങളുടെ വോട്ട് സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്ന ആയുധമാണെന്നും നന്നായി വിനിയോഗിക്കണമെന്നും മോദി കന്നി വോട്ടർമാരോട് പറഞ്ഞു.

കോൺഗ്രസ് ഭീകരപ്രവർത്തകരെ സ്വതന്ത്രരാക്കിയെന്നും ആഗോളതലത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. വർഷങ്ങൾക്കു മുമ്പ് രാജസ്ഥാനിൽ ബോംബ് സ്‌ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു. അന്ന് ഭരണത്തിലിരുന്ന കോൺഗ്രസ് കുറ്റവാളികളെ വെറുതെ വിട്ടു. തോൽപ്പിക്കാൻ കഴിയാത്തതുകൊണ്ട് അവർ അധിക്ഷേപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ബജ്‌റംഗ്‌ദൾ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനത്തെ മോദി വിമർശിച്ചു. ആദ്യം ശ്രീരാമനെയും ഇപ്പോൾ ഹനുമാനെയും പൂട്ടുന്നു. ഹനുമാന്റെ നാട്ടിൽ ആദരവ് അർപ്പിക്കാനെത്തിയപ്പോൾ ജയ് ബജ്‌റംഗ് ബലി എന്നു വിളിക്കുന്നവരെ തടയാൻ പ്രകടന പത്രിക ഇറക്കിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പൈതൃകത്തിൽ കോൺഗ്രസിന് ഒരിക്കലും അഭിമാനമുണ്ടായിരുന്നില്ല. അവർ ഭരിച്ചാൽ പി.എഫ്.ഐയുടെ നിരോധനം നീക്കും. അവരുടെ ഭരണകാലത്ത് അഴിമതി മാത്രമാണ് നടന്നത്. പട്ടിണി മാറ്രുമെന്ന് പറ‌ഞ്ഞിട്ട് നേതാക്കൾ സമ്പന്നരായി. ഡബിൾ എൻജിൻ സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം നീതിയും പുരോഗതിയുമാണെന്നും പറഞ്ഞു.

Related Articles

Latest Articles