Wednesday, September 30, 2026

ബംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയുടെ മേൽ കുരുക്ക് മുറുകുന്നു; എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിനായി ബിനീഷ് ബംഗളൂരുവിലേക്ക്

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ മേൽ കുരുക്ക് മുറുകുന്നു. എന്‍ഫോഴ്‌സ്‌മെന്റ് മുമ്പാകെ ചോദ്യം ചെയ്യലിനായി ബിനീഷ് ബംഗളൂരുവിലേക്ക് പുറപ്പെട്ടു. നാളെയാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. സഹോദരന്‍ ബിനോയിക്കും രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് യാത്ര. നാളെ ബംഗളൂരുവിലെ ശാന്തിനഗര്‍ ഇഡി ഓഫിസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനൂപ് മുഹമ്മദിന് കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കി സഹായിച്ചെന്നാണ് എന്‍സിബിയ്ക്ക് ലഭിച്ചിരിക്കുന്ന മൊഴി. കേസിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാനാണ് ബംഗലൂരു ഇഡി കേസ് എടുത്തിരിക്കുന്നത്.

അതേസമയം ബെംഗളൂരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അനൂപിനെ കഴിഞ്ഞയാഴ്ചയാണ് ഇഡി വിശദമായി ചോദ്യംചെയ്തത്. കോടതിയുടെ അനുമതിയോടെ പരപ്പന അഗ്രഹാര ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യല്‍. ഇതിനുപിന്നാലെയാണ് ബിനീഷ് കോടിയേരിയോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ ഒമ്പതിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ബിനീഷിനെ ഇ.ഡി. ചോദ്യംചെയ്തിരുന്നു. ഇതിനുപിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്നും ഇ.ഡി.യെ അറിയിക്കാതെ സ്വത്ത് ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും അന്നു തന്നെ നിര്‍ദേശമുണ്ടായിരുന്നു.

Related Articles

Latest Articles