Monday, May 20, 2024
spot_img

മുപ്പത്തിയാറാമത് അഖില ഭാരത ഭാഗവത മഹാ സത്രം നാളെ അടൂര്‍ മണ്ണടിയില്‍ തുടങ്ങും

കൊല്ലം: മുപ്പത്തിയാറാമത് അഖില ഭാരത ഭാഗവത മഹാ സത്രം നാളെ അടൂര്‍ മണ്ണടിയില്‍ ആരംഭിക്കും. മണ്ണടി ഇരവിശ്വരം (പഴയ തൃക്കോവില്‍) ശ്രീമഹാദേവക്ഷേത്ര അങ്കണത്തില്‍ നടക്കുന്ന സത്രം 26ന് സമാപിക്കും. 11 ദിവസങ്ങളിലായി നടക്കുന്ന സത്രത്തിന് ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറിലധികം ആചാര്യന്മാര്‍ പ്രഭാഷണം നടത്തും.

സത്രവേദിയില്‍ എല്ലാദിവസവും പുലര്‍ച്ചെ നാല് മുതല്‍ എട്ട് വരെ ഗണപതിഹോമം, വിഷ്ണുസഹസ്രനാമ ജപം, വേദസൂക്തജപം, ഭാഗവതപാരായണം എന്നിവ നടക്കും. രാവിലെ 8.30ന് പ്രഭാഷണം, ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെ നാരായണീയ പാരായണം, വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 8 വരെ പ്രഭാഷണം, ഭജന, നാമസങ്കീര്‍ത്തനങ്ങള്‍ എന്നിവയാണ് പരിപാടികള്‍. പൈതൃകരത്നം ഡോ:കെ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് സത്രാചാര്യന്‍. ഡോ: മണ്ണടി ഹരി, ഹരിശങ്കര്‍ റാന്നി, മിഥുനപ്പള്ളി വാസുദേവന്‍ നമ്പൂതിരി, തൃശ്ശൂര്‍ ഇളയിടം ശങ്കരനാരായണന്‍ നമ്പൂതിരി, ചന്ദ്രികനായര്‍ മുംബൈ, ഗിരിജാപോറ്റി കുമ്പളം എന്നിവര്‍ സഹ ആചാര്യന്മാരാണ്.

പട്ടാമ്പി ഗോപാലകൃഷ്ണവൈദിക്, ഡോ;കെ.എസ്. രാധാകൃഷ്ണന്‍, എല്‍. ഗിരീഷ്‌കുമാര്‍, ഡോ:എന്‍. ഗോപാലകൃഷ്ണന്‍, ഡോ: അലക്സാണ്ടര്‍ ജേക്കബ്ബ്, ഡോ:വി.പി. വിജയമോഹനന്‍, ഡോ:ലക്ഷ്മിശങ്കര്‍, ആര്‍. രാമചന്ദ്രന്‍നായര്‍, സതീഷ്‌കുമാര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.

Related Articles

Latest Articles