അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ (Punjab CM Bhagwant Mann) അധികാരമേറ്റു. സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ ജന്മസ്ഥലമായ നവാന്‍ഷഹര്‍ ജില്ലയിലെ ഖത്കര്‍ കലാനിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെയും മുതിര്‍ന്ന നേതാക്കളെയും സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞ.
ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും സത്യപ്രതിജ്ഞക്ക് സാക്ഷിയാകാൻ എത്തി. താൻ എല്ലാവരുടെയും മുഖ്യമന്ത്രിയാകും എന്ന് സത്യപ്രതിജ്ഞക്ക് ശേഷം മാൻ പറഞ്ഞു. അഴിമതി തുടച്ചുനീക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ എംഎൽഎമാരുടെ സത്യപ്രതിഞ്ജ നടക്കും. ശനിയാഴ്ച്ചയാകും മന്ത്രിമാർ അധികാരമേൽക്കുക.
പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് വേദിയില്‍ ഒരുക്കിയിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ധുരി മണ്ഡലത്തില്‍ നിന്ന് 58,206 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു മാനിന്റെ ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദല്‍വീര്‍ സിങ് ഗോള്‍ഡിയെ ആയിരുന്നു മാന്‍ നിലംപരിശാക്കിയത്. 117 സീറ്റുകളില്‍ 92 ഉം നേടിയാണ് ആം ആദ്മി പാര്‍ട്ടി ആധികാരിക ജയം നേടിയത്.

