ലക്നൗ : ഉത്തർപ്രദേശിൽ മദ്രസ വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിന റാലി. ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ഡാനിഷ് ആസാദ് അൻസാരിയുടെ നേതൃത്വത്തിലാണ് ലക്നൗവിലെ പരിവർത്തൻ ചൗക്കിൽ നിന്ന് ഹസ്രത്ഗഞ്ച് ഇൻ്റർസെക്ഷനിലേക്ക് സ്വാതന്ത്ര്യദിന റാലി നടത്തിയത്. 11,000 ത്തോളം മദ്രസ വിദ്യാർത്ഥികളാണ് റാലിയിൽ പങ്കെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം.
സ്വാതന്ത്ര്യദിന റാലിയിൽ യുപി മദ്രസ വിദ്യാഭ്യാസ ബോർഡ് രജിസ്ട്രാറും ന്യൂനപക്ഷ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും പങ്കെടുത്തു. കൂടാതെ ഇസ്ലാം പുരോഹിതരും റാലിയ്ക്ക് നേതൃത്വം നൽകി ഒപ്പമുണ്ടായിരുന്നു. മദ്രസ വിദ്യാർത്ഥികൾ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം ആവേശത്തോടെ വിളിക്കുകയാണ്. മുൻപ് മദ്രസകളിൽ ഇത്തരത്തിലുള്ള റാലികൾ നടത്തിയിരുന്നില്ല. എന്നാൽ, ഇപ്പോൾ ആയിരക്കണക്കിന് മദ്രസ വിദ്യാർത്ഥികൾ ലഖ്‌നൗവിലെ തെരുവുകളിൽ ത്രിവർണ്ണ റാലി നടത്തിയപ്പോൾ ഇത് ദേശസ്‌നേഹത്തിന്റെ സന്ദേശം മാത്രമല്ല സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികൾക്കുള്ള ആദരാഞ്ജലി കൂടിയാണ് എന്നും ഡാനിഷ് ആസാദ് അൻസാരി പറഞ്ഞു.

