അഹമ്മദാബാദ്: ഭൂപേന്ദ്ര പട്ടേൽ നാളെ സത്യപ്രതിജ്ഞ ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേൽക്കും. ഘാട്‌ലോദിയ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം.
ഇന്ന് വൈകിട്ട് ഗാന്ധിനഗറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിൽ ഭൂപേന്ദ്രിനെ നേതാവായി തിരഞ്ഞെടുത്തത്. മുൻ മുഖ്യമന്ത്രി വിജയ് രുപാണിയാണ് ഭൂപേന്ദ്ര പട്ടേലിന്റെ പേര് നിർദ്ദേശിച്ചത്.വിജയ് രൂപാണി രാജിവെച്ചതിനെ തുടർന്നാണ് പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സ്ഥാനമേൽക്കുന്നത്.
അതേസമയം ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഭൂപേന്ദ്ര പട്ടേലിന് അഭിനന്ദനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും രംഗത്തെത്തി.
പ്രധാനമന്ത്രിയുടെ മാർഗനിർദേശത്തിലും നേതൃത്വത്തിലും നിങ്ങൾക്ക് സംസ്ഥാനത്തിന്റെ തുടർച്ചയായ വികസന യാത്രയ്‌ക്ക് പുതിയ തുടക്കം കുറിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായി അമിത് ഷായും ജെപി നദ്ദയും അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഇരുവരുടേയും ആശംസ.
നിയമസഭ തിരഞ്ഞെടുപ്പിന് 15 മാസം മാത്രം ബാക്കി നിൽക്കെയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനമേൽക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുന്നതായി വിജയ് രുപാണി പ്രഖ്യാപിച്ചത്.

