Wednesday, December 24, 2025

ഉത്തര്‍പ്രദേശിലും ബീഹാറിലും വെള്ളപ്പൊക്കം; ദുരിതബാധിതര്‍ക്ക് സഹായവാഗ്ദാനവുമായി പ്രധാനമന്ത്രി

ദില്ലി: ഉത്തരേന്ത്യയില്‍ പ്രളയത്തിലും മഴക്കെടുതിയിലും മരിച്ചവരുടെ എണ്ണം 148 ആയി. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച കിഴക്കന്‍ ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രളയ ബാധിത പ്രദേശങ്ങളില്‍ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

പ്രളയത്തിലും മഴക്കെടുതിയിലും ഉത്തര്‍പ്രദേശില്‍ 111 പേരും ബിഹാര്‍ 30 പേരും മരിച്ചു. ബീഹാറില്‍ മാത്രം 20 ലക്ഷത്തോളം പേരാണ് പ്രളയ ദുരിതത്തില്‍ കഴിയുന്നത്. പാറ്റ്നയില്‍ ജലനിരപ്പ് കുറഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന് ഉറപ്പ് നല്‍കി. ഉത്തര്‍പ്രദേശിലെ ഖാസിപൂര്‍, ബല്ല്യ പ്രദേശങ്ങളില്‍ ഗംഗ കരകവിഞ്ഞ് ഒഴുകിയതോടെ നൂറിലധികം വിടുകള്‍ വെള്ളത്തിനടിയിലായി.

1994ന് ശേഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ച മണ്‍സൂണ്‍ കാലമാണ് ഈ വര്‍ഷത്തേത്. മണ്‍സൂണിന്റെ ഏറ്റവും വൈകിയുള്ള വിടവാങ്ങലും ഈ വര്‍ഷം മാത്രമാണുണ്ടായതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മധ്യപ്രദേശ്, സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളില്‍ അതി തീവ്ര മഴയാണ് കഴിഞ്ഞ നാലു ദിവസം രേഖപ്പെടുത്തിയത്. ഇന്നു മുതല്‍ മഴയുടെ ശക്തി കുറഞ്ഞതായാണ് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Related Articles

Latest Articles