Monday, June 17, 2024
spot_img

വിവാഹ പ്രായ ഏകീകരണ ബിൽ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; കീറിയെറിഞ്ഞ് പ്രതിപക്ഷം; പെൺകുട്ടികളെ അപമാനിക്കരുതെന്ന് സ്മൃതി ഇറാനി

ദില്ലി:രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.

പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്നും 21 ആയി ഉയർത്തുന്ന ബിൽ ആണ് അവതരിപ്പിച്ചത്.തുല്യതയ്‌ക്ക് വേണ്ടിയുള്ള നിയമമാണിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ബില്ലിന് മതേതര മുഖമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പക്ഷെ പ്രതിഷേധത്തിനിടെ ബിൽ പ്രതിപക്ഷാംഗങ്ങൾ കീറിയെറിഞ്ഞു. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങുകയും ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും പ്രതിപക്ഷം പറഞ്ഞു. സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച വേണം എന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം.

തുടർന്ന് പെൺകുട്ടികളെ അപമാനിക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. എല്ലാ മതങ്ങൾക്കും ബാധകമായതാണ് ബില്ലെന്ന് മന്ത്രി വ്യക്തമാക്കി. ബിൽ നരേന്ദ്രമോദി സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ ബിൽ സ്റ്റാൻഡിങ്ങ് കമ്മിറ്റിക്ക് വിട്ടു.

അതേസമയം ശൈശവ വിവാഹ നിരോധന നിയമത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു വിവാഹ നിയമത്തിലുമാണ് ഭേദഗതികൾ കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതിന് പിന്നാലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധവും എതിര്‍പ്പും അറിയിച്ചിരുന്നു.

പതിനാല് വയസായിരുന്നു മുൻപ് പെൺകുട്ടികളുടെ വിവാഹ പ്രായം പിന്നീട് അത് പതിനെട്ടാക്കി. ഇതാണ് ഇരുപത്തിയൊന്നായി ഉയർത്തിയത്.

രാജ്യത്തെ മാതൃമരണ നിരക്ക് കുറയ്‌ക്കുക, ഗർഭകാലത്തെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുക, വിളർച്ചയും പോക്ഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹ പ്രായം ഉയർത്തുന്നതിന്റെ ലക്ഷ്യങ്ങളായി കേന്ദ്രസർക്കാർ ഉയർത്തിക്കാട്ടുന്നത്.

മാത്രമല്ല സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയാണ് ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Latest Articles