Sunday, May 26, 2024
spot_img

ലേലം ഉറപ്പിച്ച് ഗുരുവായൂർ ദേവസ്വം : ഥാർ അമൽ മുഹമ്മദലിയ്ക്ക് തന്നെ

ഗുരുവായൂർ: മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂരിലേക്ക് കാണിക്കയായി സമർപ്പിച്ച മഹീന്ദ്ര ഥാര്‍, ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദ് അലിക്കു തന്നെ നല്‍കും. ഇന്നു ചേര്‍ന്ന ദേവസ്വം ക്ഷേത്രഭരണസമിതി യോഗമാണ് ഥാറിൻ്റെ ലേലം ഉറപ്പിച്ചത്. ഗുരുവായൂരിലെ മറ്റു ലേലനടപടികളിൽ എന്ന പോലെ ഥാർ ലേലം ചെയ്ത വിവരം ഇനി ഭരണസമിതി ദേവസ്വം കമ്മീഷണറെ ഔദ്യോഗികമായി അറിയിക്കും. കമ്മീഷണർ ലേലം അംഗീകരിക്കുന്നതോടെ മുഴുവൻ പണവും അടച്ച് ഥാർ അമൽ മുഹമ്മദലിക്ക് സ്വന്തമാക്കാം.

15,10,000 രൂപയും ജിഎസ്ടിയും ചേര്‍ത്താണ് ലേലം ഉറപ്പിച്ചത്. ലേലം ഉറപ്പിച്ചതിനു പിന്നാലെ അന്തിമ തീരൂമാനം ദേവസ്വം ഭരണസമിതിയുടേത് ആയിരിക്കുമെന്ന, ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസ് പറഞ്ഞിരുന്നു.

എറണാകുളം ഇടപ്പള്ളി സ്വദേശിയും, ഖത്തറിൽ വ്യവസായിയും ആണ് വാഹനം ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദലി. സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ ഥാർ ലേലത്തിന് വച്ചപ്പോൾ വലിയ പ്രതികരണമുണ്ടാക്കും എന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രതീക്ഷിച്ചത്.

എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ഒരാൾ മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ എത്തിയത്. ഓണ്‍ലൈനായും ലേലത്തിന് ആരും പങ്കെടുത്തിരുന്നില്ല. മഹീന്ദ്രയുടെ ലൈഫ് സ്‌റ്റൈല്‍ എസ്‌യുവി ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് കാണിക്കയായി മഹീന്ദ്ര സമര്‍പ്പിച്ചത്.

Related Articles

Latest Articles