ആര് മറന്നാലും ഓഗസ്റ്റ് 21 ബിനീഷ് കോടിയേരി മറക്കില്ല. ഉറ്റസുഹൃത്തായ അനൂപ് മുഹമ്മദും സംഘവും ബെംഗളൂരുവില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായത് അന്നായിരുന്നു. അന്നുമുതല്‍ നെഞ്ചിടിപ്പേറിയതാണ് കേരളത്തിലുള്ള ബിനീഷ് കോടിയേരിക്കും.
ലഹരിമരുന്ന് കേസില്‍ ആരംഭിച്ച അന്വേഷണം ഒടുവില്‍ സ്വര്‍ണക്കടത്തിലേക്കും കള്ളപ്പണം വെളുപ്പിക്കലിലേക്കും നീങ്ങിയതോടെ ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുകയായിരുന്നു. ഒടുവിലിതാ സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ മകനും എക്കാലവും വിവാദനായകനുമായ ബിനീഷ് കോടിയേരി നിയമത്തിന്റെ പിടിയിലേക്കും.
പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി അനിഘ എന്നിവര്‍ക്കൊപ്പമാണ് കൊച്ചി വൈറ്റില സ്വദേശി അനൂപ് മുഹമ്മദ് ബെംഗളൂരുവില്‍ എന്‍.സി.ബിയുടെ പിടിയിലാകുന്നത്. ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന അനൂപ് മുഹമ്മദ് എം.ഡി.എം.എ. അടക്കമുള്ള ലഹരിമരുന്നുകളുടെ വില്‍പനയില്‍ സജീവമായിരുന്നു.
അനൂപിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ബിനീഷ് കോടിയേരിയുമായുള്ള ബന്ധം വെളിച്ചത്തുവന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷ് കോടിയേരി തന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നായിരുന്നു അനൂപ് മുഹമ്മദിന്റെ മൊഴി. ഇതോടെ കേരളത്തിലും ബെംഗളൂരു ലഹരിമരുന്ന് കേസ് ചൂടന്‍ വിഷയമായിമാറുക ആയിരുന്നു.

