കൊച്ചി: സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഓഫീസിലെത്തി. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനായിരുന്നു അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനകൾ ചെയ്തിരുന്ന യുഎഎഫ്എക്സ് കമ്പനി, ബിനീഷിന്‍റെ പേരിൽ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
സ്വർണ്ണക്കളക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നത്. സ്വർണ്ണകള്ളക്കടത്ത് റാക്കറ്റ് സ്വർണ്ണം കൊണ്ട് വരുന്നതിന് ഫണ്ട് കണ്ടെത്താൻ ബെംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുടെ സഹായം തേടിയതായും അന്വേഷണ ഏജൻസികൾക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.
റാക്കറ്റിന്‍റെ സൂത്രധാരനായ കെ ടി റമീസ് വഴിയായിരുന്നു ഈ മയക്ക് മരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്. എന്നാൽ വേണ്ടത്ര തെളിവുകൾ ലഭിക്കാത്തതിനാൽ അന്വേഷണം മുന്നോട്ട് പോയില്ല. ഇതിനിടെയാണ് രണ്ടാഴ്ച മുൻപ് മലയാളിയായ അനൂബ് മുഹമ്മദ് ഉൾപ്പെട്ട മയക്ക് മരുന്ന് റാക്കറ്റ് ബെംഗളൂരിവിൽ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ കെ ടി റമീസുമായും, ബിനീഷ് കോടിയേരിയുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് മനസ്സിലായി. ബിനീഷ് തന്‍റെ ഹോട്ടൽ തുടങ്ങാൻ ആറ് ലക്ഷം രൂപ സഹായിച്ചിട്ടുണ്ടെന്നും അനൂബ് മൊഴി നൽകി. പിന്നീട് ബെംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ്സ് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത വിവരവും പുറത്ത് വന്നു. എന്നാൽ വാർഷിക റിട്ടേണുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം കമ്പനിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു.

