Thursday, December 18, 2025

സി പി ഐ എതിർത്തില്ലായിരുന്നെങ്കിൽ മദനിയുടെ പി ഡി പി എൽ ഡി എഫ് സഖ്യകക്ഷിയായേനെ; ജയരാജന്റെ പുസ്തകത്തിലെ പരാമർശം തെറ്റ് ഏറ്റുപറച്ചിലാകാം; സിപിഎമ്മിനെതിരെ ഒളിയമ്പുമായി ബിനോയ് വിശ്വം

കണ്ണൂർ: സിപിഐ എതിർത്തിരുന്നില്ലെങ്കിൽ അബ്‌ദുൾ നാസർ മദനിയുടെ പി ഡി പി 2009 ൽ എൽ ഡി എഫ് സഖ്യകക്ഷിയാകുമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പി ജയരാജന്റെ ‘കേരള മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇസ്ലാമിക തീവ്രവാദത്തിന്റെ വിത്തുപാകിയത് അബ്ദുൾ നാസർ മദനിയാണെന്ന പരാമർശം ഇന്ന് പ്രകാശനം ചെയ്‌ത പുസ്തകത്തിലുണ്ട്. ജയരാജന്റെ പുസ്തകം വായിച്ചിട്ടില്ല. പുറത്തു കേൾക്കുന്ന പരാമർശങ്ങൾ പുസ്തകത്തിലുണ്ടെങ്കിൽ അത് തെറ്റ് തിരുത്തലായി കണ്ടാൽ മതിയെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്‌തത്‌.

2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ജയിലിൽ നിന്നിറങ്ങിയ അബ്ദുൾ നാസർ മദനിയുമായി വേദി പങ്കിട്ടുകൊണ്ട് അന്നത്തെ സിപിഎം സെക്രട്ടറിയായ പിണറായി വിജയൻ പി ഡി പിയുമായി തെരെഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത്. മദനിയെ മോചിപ്പിക്കണമെന്ന് നിരന്തരം സിപിഎം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. 2009 ലെ തെരഞ്ഞെടുപ്പിൽ പി ഡി പി യെ എൽ ഡി എഫ് സഖ്യകക്ഷിയാക്കാൻ ശ്രമം നടന്നിരുന്നു എന്ന് ബിനോയ് വിശ്വത്തിന്റെ വാക്കുകളിലും വ്യക്തമാണ്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പി ഡി പി എൽ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതേ പി ഡി പിയെ തീവ്രവാദികൾക്ക് പ്രചോദനമായ സംഘടനയെന്ന് വിശേഷിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ പുസ്‌തകം അന്ന് പി ഡി പിയെ എൽ ഡി എഫിലെടുക്കാൻ അതീവ താൽപ്പര്യം കാണിച്ച പിണറായി വിജയൻ തന്നെ പ്രകാശനം ചെയ്യുന്നതിനെയാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.

മദനി സംഘടനയെ കേരളത്തിൽ വളർത്തുകയും, കേരളത്തിലുടനീളം തീവ്രവാദ ചിന്ത വർദ്ധിപ്പിക്കുന്നതിനു വേണ്ടി പ്രഭാഷണ പരമ്പരകൾ നടത്തുകയും ചെയ്തുവെന്നാണ് ജയരാജന്റെ ആരോപണം. ഇസ്ലാമിക് സ്റ്റേറ്റിനെയും മദനിയെയും മുൻനിർത്തിയാണ് അദ്ദേഹം മുസ്ലിം തീവ്രവാദത്തെ കുറിച്ച് വിശദീകരിച്ചത്. ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് ശേഷമാണ്, മുസ്ലീം ന്യൂനപക്ഷങ്ങൾക്കിടയിൽ മദനിയുടെ സ്വാധീനം വർദ്ധിച്ചതായി ജയരാജൻ പറയുന്നു. മദനിയുടെ കേരള സന്ദർശനം, യുവാക്കളിൽ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഈ സാഹചര്യത്തിലാണ് മദനിയെ മുസ്ലിം തീവ്രവാദ പ്രവർത്തനങ്ങളുടെ അംബാസിഡറായി വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പുസ്തകത്തിൽ പറയുന്നു. സ്വന്തം സമുദായത്തിൽ നിന്നുതന്നെ ഇതിനെതിരെ വിമർശനമുയർന്നുവന്നപ്പോഴാണ് ഐഎസ്എസ് പിരിച്ചുവിട്ട് കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) രൂപീകരിച്ചതെന്നും ജയരാജൻ കുറ്റപ്പെടുത്തി.

“അതിവൈകാരിക പ്രസംഗങ്ങൾ വഴി മദനി തീവ്രചിന്തകൾ വളർത്താൻ ശ്രമിച്ചു. തന്റെ പ്രഭാഷണങ്ങളിൽ, അദ്ദേഹം മതത്തിന്റെ പേരിൽ മുസ്ലിം യുവാക്കളെ സുരക്ഷിതത്വത്തിന്റെ പേരിൽ തീവ്രവാദത്തിലേക്ക് ആകർഷിച്ചു.” ഒട്ടേറെ അക്രമ സംഭവങ്ങളിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ സ്വദേശി തടിയന്റവിട നസീർ മദനിയുടെ അതിവൈകാരിക പ്രഭാഷണങ്ങളിൽ ആകൃഷ്ടനായെന്നും പി ജയരാജൻ പുസ്തകത്തിൽ പറയുന്നുണ്ട്.

Related Articles

Latest Articles