Wednesday, January 7, 2026

റെയില്‍വേ ട്രാക്കുകള്‍ ഇനി വിസര്‍ജ്യമുക്തം കേരളത്തിലെ മുഴുവന്‍ ട്രെയിനുകളിലും ബയോ ടോയ്‌ലറ്റ് പൂര്‍ത്തിയാകുന്നു

തിരുവനന്തപുരം: കേരളത്തിലെ റെയില്‍വേ ട്രാക്കുകള്‍ പൂര്‍ണമായും ക്ലീനാകുന്നു. കേരളത്തില്‍ ഓടുന്ന പാസഞ്ചറുകള്‍ മുതല്‍ മെയില്‍, എക്‌സ്പ്രസുകള്‍ വരെ മുഴുവന്‍ ട്രെയിനുകളിലും ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്.

കോച്ചുകളില്‍ ബയോ ടോയ്ലറ്റുകള്‍ ഘടിപ്പിക്കുന്ന ജോലി ഈ മാസം 30 ന് പൂര്‍ത്തിയാകും. അതോടെ, യാത്രക്കാരുടെ വിസര്‍ജ്യം ട്രാക്കുകളില്‍ വീഴുന്നത് അവസാനിക്കും. സംസ്ഥാനത്തെ ട്രെയിനുകളില്‍ ആകെ 2,573 കംപാര്‍ട്ട്‌മെന്റുകളില്‍ ബയോ ടോയ്‌ലറ്റുകളാണുള്ളത്. ഇനി 24 എണ്ണത്തിലേ ബയോ ടോയ്‌ലറ്റുകള്‍ ഘടിപ്പിക്കുന്ന ജോലി പൂര്‍ത്തിയാക്കാനുള്ളൂ.

തിരുവനന്തപുരത്ത് ആകെ 2,000 കോച്ചുകളാണുള്ളതില്‍ 18 എണ്ണത്തിലും പാലക്കാട് ഡിവിഷനില്‍ 573 കംപാര്‍ട്ട്‌മെന്റുകളില്‍ 9 എണ്ണത്തിലും പണി ബാക്കിയുണ്ട്. അതു കൂടി കഴിഞ്ഞാല്‍ ട്രാക്കുകള്‍ വിസര്‍ജ്യ മാലിന്യ മുക്തമാകുമെന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഷിരിഷ്‌കുമാര്‍ സിന്‍ഹ മാധ്യമങ്ങളോടു പറഞ്ഞു.

ഇതോടെ റെയില്‍വെ സ്റ്റേഷനുകളും പരിസരവും കൂടി വൃത്തിയാകും. ട്രാക്കുകള്‍ വൃത്തിയാക്കാന്‍ ശക്തിയോടെ വെള്ളം ചീറ്റുമ്പോള്‍ മാലിന്യത്തിനൊപ്പം മണ്ണും ഒലിച്ചു പോകുന്നതായിരുന്നു മറ്റൊരു പ്രശ്‌നം. ബയോ ടോയ്‌ലറ്റുകള്‍ വ്യാപകമാകുന്നതോടെ ട്രാക്ക് വൃത്തിയാക്കല്‍ എളുപ്പമാകും.
ഗ്വാളിയര്‍ – വാരണാസി ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസില്‍ 2011 ജനുവരിയിലാണ് രാജ്യത്ത് ആദ്യമായി ബയോ ടോയ്ലറ്റ് ഘടിപ്പിച്ചത്. ഒരു ബയോ ടോയ്ലറ്റിന് ഒരു ലക്ഷം രൂപയോളമാണ് ചെലവ്. 2022 ആകുമ്പോഴേക്കും ഇന്ത്യയിലെ മുഴുവന്‍ ട്രെയിനുകളിലും ബയോ ടോയ്‌ലറ്റ് സ്ഥാപിക്കുകയാണ് റെയില്‍വേ മന്ത്രാലയം ലക്ഷ്യമിടുന്നത്.

Related Articles

Latest Articles