Monday, May 20, 2024
spot_img

ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ മാത്രം;തകർന്നുവീണ ഉടനെ തീപിടിച്ചു; ഒന്നരമണിക്കൂര്‍ തീഗോളം; മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞ നിലയിൽ

കോയമ്പത്തൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രം അകലെവെച്ചെന്ന് റിപ്പോര്‍ട്ട്.

തകര്‍ന്നയുടന്‍ ഹെലികോപ്റ്റര്‍ കത്തിയമര്‍ന്നു. ഏകദേശം ഒന്നരമണിക്കൂറോളം സമയമെടുത്താണ്‌ തീ അണയ്ക്കാന്‍ കഴിഞ്ഞതെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് വിവിധ പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂനൂരിനടുത്ത കാട്ടേരിയിലെ എസ്‌റ്റേറ്റിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ Mi-17V5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. 12.30-നാണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, ഭാര്യ മാധുലിക റാവത്ത് എന്നിവരടങ്ങിയ സംഘം സൂലൂരില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണിലേക്ക് പുറപ്പെട്ടത്.

ദില്ലിയില്‍നിന്ന് ബിപിന്‍ റാവത്ത് അടക്കം ഒമ്പത് പേരുടെ സംഘമാണ് തമിഴ്‌നാട്ടിലെത്തിയത്. പിന്നീട് സൂലൂരില്‍നിന്ന് അഞ്ചുപേര്‍ കൂടി ഹെലികോപ്റ്ററില്‍ കയറി.

ബിപിന്‍ റാവത്തിനും ഭാര്യയ്ക്കും പുറമേ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും മറ്റു സ്റ്റാഫംഗങ്ങളുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. വെല്ലിങ്ടണിലെ സൈനികത്താവളത്തില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ വരികയായിരുന്നു സംയുക്ത സൈനിക മേധാവി.

എന്നാല്‍, ഉച്ചയ്ക്ക് 12.20-ഓടെ കൂനൂരിനടുത്ത് കാട്ടേരിയില്‍വെച്ച് ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു.

എസ്റ്റേറ്റിലെ തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹെലികോപ്റ്ററില്‍നിന്ന് വലിയരീതിയില്‍ തീ ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ആദ്യഘട്ടത്തില്‍ ബാധിച്ചു.

എസ്റ്റേറ്റിലെ തൊഴിലാളികള്‍ ആദ്യം വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. പിന്നീട് വെല്ലിങ്ടണിലെ സൈനിക ക്യാമ്പില്‍നിന്ന് സൈനികരും മറ്റും എത്തിയതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി.

അപകടം സംഭവിച്ച് മണിക്കൂറുകള്‍ക്കം തന്നെ വിവരം പുറത്തറിഞ്ഞിരുന്നു. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെയുള്ളവരാണെന്ന് വ്യോമസേനയും വൈകാതെ സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്തിന്റെ എല്ലാ കണ്ണുകളും കൂനൂരിലേക്കായി. അപകടവിവരം സ്ഥിരീകരിച്ചതിന് പിന്നാലെ അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് രാജ്യം നടുങ്ങി.

അപകടകാരണം വ്യക്തമായി പുറത്തുവന്നിട്ടില്ലെങ്കിലും ദുരന്തസ്ഥലത്ത് നിന്നുളള ദൃശ്യങ്ങൾ അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു.

അപകടത്തില്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ മരണസംഖ്യ എത്രയാണെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

തകർന്നുവീണ ഉടനെ തീപിടിച്ച ഹെലികോപ്ടറിന് സമീപത്തായി ചിതറിക്കിടന്ന മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 80 ശതമാനത്തോളമാണ് പലർക്കും പൊളളലേറ്റത്

ഗുരുതരാവസ്ഥയിലായ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ കോയമ്പത്തൂരില്‍നിന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും ഊട്ടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മരങ്ങൾ നിറഞ്ഞ പ്രദേശത്താണ് ഹെലികോപ്ടർ തകർന്നു വീണത്. അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കുന്നതിലും രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിലും ഇതും വെല്ലുവിളിയായി. അപകടത്തിൽപെട്ട പലരെയും സ്ട്രക്ചറിലെടുത്ത് പുറത്തേക്ക് കൊണ്ടുവന്ന ശേഷമാണ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞത്.

അപകടവിവരം അറിഞ്ഞ ഉടൻ തന്നെ തമിഴ്‌നാട് സർക്കാർ അടിയന്തിര രക്ഷാപ്രവർത്തനത്തിന് നിർദ്ദേശം നൽകി. സൈന്യവും അപകടസ്ഥലത്തേക്ക് പെട്ടെന്നെത്തിയിരുന്നു. ഹെലികോപ്ടറിന്റെ ഏതാനും ഭാഗം മാത്രമാണ് കത്തിക്കരിയാതെ അവശേഷിച്ചത്.

Related Articles

Latest Articles