Monday, May 20, 2024
spot_img

ഊട്ടിയിലെ ഹെലികോപ്റ്റർ അപകടം: മരണം പതിനൊന്ന് ആയി

ഊട്ടി: സംയുക്തസേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ കോപ്റ്ററില്‍ ഉണ്ടായിരുന്ന പതിനാലില്‍ 11 പേരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. അപകടത്തിൽ എൺപത് ശതമാനത്തോളം ഗുരുതരമായി പരിക്കേറ്റ ബിപിന്‍ റാവത്ത് അടക്കമുള്ളവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സംഭവ സ്ഥലത്തേക്ക് തിരിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അത് ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഉന്നത പദവിയില്‍ ഇരിക്കുന്ന വ്യക്തി ഉള്‍പ്പെട്ട അപകടമായതിനാല്‍ അതീവ ഗുരുതരമായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം കൈകാര്യം ചെയ്യുന്നത്.

അതിനാൽ തന്നെ ഔദ്യോഗിക പ്രതികരണങ്ങളെല്ലാം സാവധാനത്തില്‍ മാത്രമേ ഉണ്ടാകൂമെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. റാവത്തും ഭാര്യയും സഹായിയും അടക്കം 14 പേരാണ് എംഐ 17വി5 കോപ്റ്ററില്‍ ഉണ്ടായിരുന്നത്. നാട്ടുകാരാണ് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനും സൂളൂരിനുമിടയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. വിവരം അറിഞ്ഞെത്തിയ സൈന്യം സംഭവ സ്ഥലം സീല്‍ ചെയ്തു.

ജനറൽ ബിപിൻ റാവത്തിനെ കൂടാതെ അദ്ദേഹത്തിൻ്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡെർ, ലഫ്റ്റ്. കേണൽ ഹർജിന്ദെർ സിംഗ്, നായിക് ഗുർസേവാക് സിംഗ്, നായിക് ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ.

സൂളൂർ എയർ സ്റ്റേഷനിൽ നിന്ന് നിന്ന് വെല്ലിംഗ്ടൺ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. വെല്ലിംഗ്ടണിൽ ഒരു സെമിനാറിൽ സംസാരിക്കാൻ വേണ്ടി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹവും കുടുംബവും സ്റ്റാഫംഗങ്ങളും. പന്ത്രണ്ടരയോടെയാണ് സൂളൂരിൽ നിന്ന് ഹെലികോപ്റ്റർ പറന്നുയർന്നത്. സൂളൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് അധികം ദൂരമില്ല. ഹെലികോപ്റ്റർ പറന്നുയർന്ന് അൽപസമയത്തിനകം തന്നെ ദുരന്തമുണ്ടായി. സംഭവത്തിൽ വ്യോമസേന വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ആദ്യം സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത് ഓടിയെത്തിയ നാട്ടുകാരാണെങ്കിലും ഇപ്പോൾ സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുത്തിട്ടുണ്ട്. അപകടം നടക്കുമ്പോൾ സ്ഥലത്ത് കനത്ത മൂടൽമഞ്ഞുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലാൻഡിംഗിന് തൊട്ടുമുമ്പാണ് അപകടമുണ്ടായതെന്നും വിവരമുണ്ട്.

Related Articles

Latest Articles