Wednesday, May 22, 2024
spot_img

ഉദ്ഘാടന ദിവസം പത്ത് രൂപയ്ക്ക് ബിരിയാണി; കടയുടമ പൊലീസ് കസ്റ്റഡിയില്‍

ചെന്നൈ: ബിരിയാണി ഷോപ്പ് ഉദ്ഘാടന ദിവസം ഉപഭോക്താക്കള്‍ക്ക് മുന്നില്‍ പത്ത് രൂപയ്ക്ക് ഒരു പ്ലേറ്റ് ബിരിയാണി എന്ന കച്ചവട തന്ത്രവുമായെത്തിയ ഉടമ പൊലീസ് കസ്റ്റഡിയില്‍. പത്ത് രൂപയ്ക്ക് ഒരു പ്ലേറ്റ് ബിരിയാണി നല്‍കിയ സാഹിര്‍ ഹുസൈനെന്ന 29 കാരനെയാണ് കടയുടെ മുന്നില്‍ ആളുകള്‍ കൂട്ടം കൂടിയതോടെ തമിഴ്നാട് വിരുധുനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊവിഡ് സാഹചര്യത്തില്‍ പകര്‍ച്ച വ്യാധി നിയമം ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ഞായറാഴ്ചയാണ് അരുപ്പുകോട്ടൈയില്‍ സാഹിര്‍ ഹുസൈന്‍ ബിരിയാണി ഷോപ്പ് തുറന്നത്. ഉദ്ഘാടന ദിവസം പത്ത് രൂപയ്ക്ക് ഒരു പ്ലേറ്റ് ബിരിയാണി നല്‍കുമെന്ന് നേരത്തെ പരസ്യം ചെയ്തിരുന്നു. രാവിലെ പതിനൊന്ന് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ രണ്ട് മണിക്കൂര്‍ നേരത്തേക്കായിരുന്നു ഓഫര്‍. ഇതോടെ സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും നിരവധി ആളുകള്‍ ബിരിയാണി ഷോപ്പിന് മുന്നില്‍ തടിച്ചുകൂടുകയായിരുന്നു. ആളുകളുടെ നിര റോഡിലേക്ക് നീണ്ടതോടെയാണ് പൊലീസ് സംഭവത്തില്‍ ഇടപെട്ടത്.

വലിയ സ്വീകാര്യത ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ 2500 ബിരിയാണി പാക്കറ്റുകളാണ് കടയില്‍ തയ്യാറാക്കിയത്. ഇതില്‍ 500 എണ്ണം വിറ്റപ്പോഴേക്കും പൊലീസെത്തി ആളുകളെ നീക്കം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കടയുടമയായ സാഹിറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതോടെ ബാക്കി വന്ന ബിരിയാണി പാക്കറ്റുകള്‍ പാവങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിതരണം ചെയ്യാന്‍ പൊലീസ് തന്നെ മുന്നിട്ടിറങ്ങി.

Related Articles

Latest Articles