കൊച്ചി∙ ട്രാന്‍സ്ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയും എന്നത് ഒഴിവാക്കി ‘രക്ഷിതാക്കൾ’എന്നു രേഖപ്പെടുത്താൻ ഹൈക്കോടതി അനുമതി. കോഴിക്കോട് സ്വദേശികളായ ട്രാൻസ്ജെൻഡർ ദമ്പതികൾ സഹദിന്റെയും സിയാ പവലിന്റെയും ഹർജിയിലാണ് ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന്റെ വിധി. 2023 ഫെബ്രുവരിയിലാണ് ഇവർക്ക് കുഞ്ഞു ജനിക്കുന്നതും രാജ്യത്തെ ആദ്യ ട്രാൻജെൻഡർ രക്ഷിതാക്കളായി മാറുന്നതും.
1999ലെ കേരള റജിസ്ട്രേഷൻ ഓഫ് ബെർത്ത് ആൻഡ് ഡെത്ത് റൂൾസിലെ 12ാം വകുപ്പ് അനുസരിച്ചാണ് കോഴിക്കോട് കോർപറേഷൻ കുഞ്ഞിന്റെ മാതാപിതാക്കളായി ഇരുവരുടെയും പേര് നൽകിയത്. പിതാവിന്റെ സ്ഥാനത്ത് സിയാ പവലിന്റെയും മാതാവിന്റെ സ്ഥാനത്ത് സഹദിന്റെയും പേരാണ് ജനന സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നത്. എന്നാൽ കുഞ്ഞിന്റെ അമ്മ വർഷങ്ങൾക്കു മുൻപ് തന്നെ പുരുഷനായും അച്ഛൻ സ്ത്രീയായും മാറുകയും പുതിയ വ്യക്തിത്വത്തിൽ ജീവിക്കുകയുമാണ്.
അതിനാൽ ബർത്ത് സർട്ടിഫിക്കറ്റിൽ ഉള്ള വിരുദ്ധത ഭാവിയിൽ ഭാവിയില്‍ നിയമപരമായ ചില തടസ്സങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കിടയാക്കുമെന്നതിനാൽ ഇവർ കോർപറേഷനെ സമീപിച്ച് പേരുകൾ മാറ്റാൻ അപേക്ഷിച്ചു. എന്നാൽ കോർപറേഷൻ ഇത് അനുവദിക്കാതെ ഇരുവരെയും മാതാപിതാക്കളായി രേഖപ്പെടുത്തി ജനന സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. ഇതോടെയാണ് ഹർജിയുമായി ഇവർ ഹൈക്കോടതിയെ സമീപിച്ചത്.ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഇനിമുതല്‍ രക്ഷിതാവ് എന്നു മതിയെന്ന് കോടതി ഉത്തരവിട്ടു. ഇരുവരുടെയും ലിംഗസ്വത്വം രേഖപ്പെടുത്തുന്ന തരത്തില്‍ ഒന്നും പാടില്ല. നിലവിലുള്ള ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ഈ തിരുത്തല്‍ വരുത്തണമെന്നും കോടതി നിര്‍ദേശംനല്‍കി.

