ദിസ്പുർ: രാജ്യസഭാ ദ്വിവത്സര തിരഞ്ഞെടുപ്പിൽ അസമിൽ രണ്ട് സീറ്റുകളും പിടിച്ചെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ ബി.ജെ.പി.രാജ്യസഭയിലെ ഒഴിവുള്ള രണ്ട് സീറ്റുകളിൽ ഒന്നിൽ പബിത്ര മാർഗരിറ്റയെയും, മറ്റേതിൽ പാർട്ടിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യു.പി.പി.എൽ) പ്രസിഡന്റായ റ്വംഗ്വര നര്‍സാരിയെയുമാണ് ബി.ജെ.പി മത്സരരംഗത്ത് ഇറക്കുന്നത്. അസമിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് 2022 മാർച്ച് 31 നാണ് നടക്കുക. കോൺഗ്രസിൽ നിന്നുള്ള രാജ്യസഭാ എംപിമാരായ റാണി നാരയുടെയും, റിപുൺ ബോറയുടെയും കാലാവധി ഏപ്രിൽ 2 ന് അവസാനിക്കുന്നതോടെയാണ് രണ്ട് സീറ്റുകൾ ഒഴിയുന്നത്. കോൺഗ്രസ് ബോറയ്ക്ക് വീണ്ടും സ്ഥാനാർത്ഥിത്വം നൽകി.
അതേസമയം കഴിഞ്ഞ വർഷം അസമിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ വേർപിരിഞ്ഞ കോൺഗ്രസും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും (എ.ഐ.യു.ഡി.എഫ്) രാജ്യസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ഒന്നിച്ചു. കൂടാതെ രാജ്യസഭാ സീറ്റുകൾ സംരക്ഷിക്കാൻ, കോൺഗ്രസിന് 126 അംഗങ്ങളുള്ള സഭയിൽ 42 എംഎൽഎമാരുടെ പിന്തുണ എങ്കിലും ആവശ്യമാണ്. തങ്ങൾക്ക് 44 എംഎൽഎമാരുണ്ട് എന്നാണ് പാർട്ടി അവകാശപ്പെടുന്നത്. എന്നാൽ, കോൺഗ്രസിന്റെ ഷെർമാൻ അലി അഹമ്മദ്, ശശികാന്ത ദാസ് എന്നിവർ നിലവിൽ സസ്‌പെൻഷനിലാണ് ഉള്ളത്.

