അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർക്കെതിരെയുള്ള വിവാദ പരാമർശം; ക്രിസ്ത്യൻ വൈദികനെതിരെ അന്വേഷണം വേണമെന്ന് ബിജെപി

അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ ക്രിസ്ത്യൻ വൈദികനായ കോൺസിക്കാവോ ഡിസെൽവേക്കെതിരെ അന്വേഷണം വേണമെന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇന്നലെ പ്രദേശത്തെ ക്രിസ്ത്യൻ സമുദായാംഗങ്ങളോട് കൊങ്കണി ഭാഷയിൽ മനോഹർ പരീക്കറിനെക്കുറിച്ച് മോശമായി പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വയറലായിരുന്നു.

“കത്തോലിക്ക സമുദായക്കാരുടെ ഒഴിവു ദിവസങ്ങൾ റദ്ദാക്കി. ഇവിടത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടി. അതിനു പരീക്കർക്ക് ദൈവം കൊടുത്ത ശിക്ഷയാണ് ക്യാൻസർ. അതിനാൽ ആരും ബിജെപിക്ക് വോട്ടു ചെയ്യരുത്.” ഇത്തരത്തിൽ വർഗീയ പരാമർശങ്ങൾ നടത്തി വോട്ടർമാരെ ഭീഷണിപ്പെടുത്തുന്ന വിധമായിരുന്നു വൈദികന്റെ പ്രസംഗം.

ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ മത സ്ഥാപനത്തിൽവെച്ച് സമുദായങ്ങളെ സ്വാധീനിക്കുവാൻ വേണ്ടി നടത്തുന്ന ഇത്തരം പരാമർശങ്ങൾ നടത്തിയ വൈദികനെതിരെ വിശദമായ അന്വേഷണം വേണമെന്ന് ബിജെപി പനാജി മണ്ഡൽ സെക്രട്ടറി വിഷ്ണു നായിക് പറഞ്ഞു.