Tuesday, May 28, 2024
spot_img

വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ കണ്ടെത്തി; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

ന്യൂയോര്‍ക്ക്: സ്വകാര്യ ബഹിരാകാശ വാഹനമായ ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവെച്ചതോടെ ഇവരെ പേടകത്തില്‍ നിന്ന് തിരിച്ചിറക്കി. സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര കൂടിയായിരുന്നു സ്റ്റാര്‍ലൈനറിന്റേത്.

ഇന്ത്യൻ സമയം രാവിലെ എട്ടിന് ശേഷമാണ് ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. യുഎസിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണത്തിന് ഒരുങ്ങിയത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാര്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ പേടകത്തിൽ പ്രവേശിച്ച സഞ്ചാരികളെ തിരിച്ചിറക്കി. പേടകത്തിലെ ഇന്ധനം ഒഴിപ്പിക്കല്‍ നടപടിയും ഉടന്‍ ഉണ്ടാകും. അടുത്ത വിക്ഷേപണം എന്നാണെന്ന് പിന്നീട് അറിയിക്കും.

Related Articles

Latest Articles