തിരുവനന്തപുരം: ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെയുണ്ടായ അക്രമത്തിന് പിന്നാലെ തിരുവനന്തപുരത്ത് ബിജെപിയുടെ കൊടിമരങ്ങളും ഫ്‌ളക്‌സുകളും വ്യാപകമായി നശിപ്പിച്ചു.ഭരണപരാജയം മറച്ചു വെയ്‌ക്കാൻ സിപിഎം കരുതിക്കൂട്ടി അക്രമം നടത്തുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് വ്യക്തമാക്കി.
എബിവിപി നേതാക്കളെയും ആർ എസ് എസ് ജില്ലാ കാര്യവാഹിനേയും അക്രമിച്ചതിന് പിന്നാലെ ഭരണത്തിന്റെ സഹായത്തോടെ ബോധപൂർവ്വമായി അക്രമങ്ങൾ അഴിച്ചു വിടാനാണ് സി പി എം ശ്രമിക്കുന്നത് എന്നും സിപിഎമ്മിൽ നടക്കുന്ന ആഭ്യന്തര പ്രശ്നം ഓരോ ദിവസം കഴിയുന്തോറും മറനീക്കി പുറത്തു വരികയാണെന്നും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അവർ തന്നെയാണ് അടിച്ചു തകർത്തതെന്നും സിപിമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ അക്രമം നടത്തിയതും ഇതേ സംഘം തന്നെയാണെന്നും രാജേഷ് കൂട്ടിച്ചേർത്തു.
എ കെ ജി സെന്ററിന് നേരെ ആക്രമണം നടന്നിട്ട് രണ്ടു മാസത്തിന് മുകളിൽ സമയമായിട്ടും പ്രതികളെ പിടികൂടാൻ ഇതുവരെയായിട്ടും പോലീസിന് സാധിച്ചിട്ടില്ലെന്നും ഇതിനു പിറകിൽ പ്രവർത്തിച്ചത് സിപിഎം ആയത് കൊണ്ടാണ് കേസ് തെളിയിക്കപ്പെടാത്തതെന്നും അദ്ദേഹം പറഞ്ഞു.പാർട്ടിയിലെ ആഭ്യന്തര പ്രശ്നം മറച്ചു വെയ്‌ക്കാൻ പാർട്ടി നടത്തുന്ന അക്രമത്തിന് പോലീസ് കൂട്ട് നിൽക്കുകയാണെങ്കിൽ ശക്തമായി അതിനെ നേരിടാൻ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

