Tuesday, January 6, 2026

വന്ദേ ഭാരതിനെ സ്വീകരിച്ച ജയരാജന്റെ നടപടിയെ പ്രശംസിച്ച് ബിജെപി; ട്രെയിനിൽ കോൺഗ്രസുകാർ പോസ്റ്റര്‍ ഒട്ടിച്ചതില്‍ കെ.സുധാകരന്‍ ജനങ്ങളോട് മാപ്പു പറയണമെന്ന് ആവശ്യം

കണ്ണൂർ : വന്ദേ ഭാരത് എക്സ്പ്രസ്സ് കന്നിയാത്രയ്ക്കിടെ കണ്ണൂരെത്തിയപ്പോൾ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിൽ ട്രെയിനിന് സ്വീകരണം നൽകിയതിനെയും ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ചതിനെയും അഭിനന്ദിച്ച് റെയില്‍വേ പിഎസി ചെയര്‍മാനും ബിജെപി നേതാവുമായ പി.കെ.കൃഷ്ണദാസ്. എം.വി.ജയരാജന്‍ ജനവികാരം ഉള്‍ക്കൊണ്ടാണു പ്രവർത്തിച്ചതെന്നും വന്ദേ ഭാരതിൽ കോൺഗ്രസുകാർ പോസ്റ്റര്‍ ഒട്ടിച്ചതില്‍ കെ.സുധാകരന്‍ ജനങ്ങളോട് മാപ്പു പറയണമെന്നും കൃഷ്ണദാസ് പറഞ്ഞു.

കേരളത്തിന് അനുവദിച്ച വന്ദേ ഭാരതിനെ സിപിഎമ്മിലെ ഒരു വിഭാഗം പ്രവർത്തകർ സമൂഹ‌മാധ്യമങ്ങളിലടക്കം താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനിനെ സ്വീകരിക്കാൻ എം.വി.ജയരാജൻ പൊന്നാടയുമായി എത്തിയത്. വികസനത്തിൽ താൻ രാഷ്ട്രീയം കാണുന്നില്ലെന്നും അതുകൊണ്ടാണു ക്ഷണം സ്വീകരിച്ചു ചടങ്ങിൽ പങ്കെടുത്തതെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ കെ.വി.സുമേഷ് എംഎൽഎ, കോൺഗ്രസ് എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ എന്നിവരും എം.വി.ജയരാജന്റെ ഒപ്പമുണ്ടായിരുന്നു.

Related Articles

Latest Articles