Monday, October 19, 2026

മധ്യപ്രദേശില്‍ വിശ്വാസവോട്ട് ഉടന്‍ വേണം; ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു

ഭോപാല്‍: കോവിഡ് പശ്ചാത്തലത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താതെ നിയമസഭ പിരിഞ്ഞ മധ്യപ്രദേശില്‍ ബിജെപി എംഎല്‍എമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലാണ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഡനെ കണ്ട് ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ നടപടി വേണമെന്ന് അഭ്യര്‍ഥിച്ചത്. ഉചിതമായ നടപടിയെടുക്കുമെന്നും തങ്ങള്‍ക്കുള്ള അവകാശത്തെ ലംഘിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി ബിജെപി നേതൃത്വം പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായതായി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. കോണ്‍ഗ്രസിന് 92ഉം ബിജെപിക്ക് 106ഉം എംഎല്‍എമാരാണ് ഇപ്പോള്‍ ഉള്ളത്. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് അറിയാവുന്നതിനാലാണ് മുഖ്യമന്ത്രി വിശ്വാസ വോട്ടില്‍നിന്ന് ഒളിച്ചോടുന്നത്. എത്രയും വേഗം വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചിട്ടുണ്ട് -ചൗഹാന്‍ പറഞ്ഞു.

മധ്യപ്രദേശ് നിയമസഭ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കാതെ മാര്‍ച്ച് 26ലേക്ക് പിരിഞ്ഞിരുന്നു. ഇതോടെ, 22 എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സര്‍ക്കാറിന് വിശ്വാസം തെളിയിക്കാന്‍ സമയം നീട്ടി ലഭിച്ചിരിക്കുകയാണ്.

Related Articles

Latest Articles