പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സുബൈറിന്റെ കൊലപാതകത്തിൽ ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ.
സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ തിരിച്ചടി എന്ന നിലയിലുള്ള പ്രചാരണം ശരിയല്ല. സഞ്ജിത്തിന്റെ മരണ ശേഷം സമാധാന അന്തരീക്ഷം നിലനിർത്താനാണ് ബിജെപി ശ്രമിച്ചത്. സഞ്ജിത്തിന്റെ കാർ എങ്ങനെ പ്രതികൾക്ക് കിട്ടി എന്ന കാര്യം പൊലീസാണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെയും കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി വ്യക്തമാക്കിയതായിരുന്നു. കൊലപാതകത്തിന്റെ പേരിൽ നാട്ടിൽ കലാപമുണ്ടാക്കാനാണ് പോപ്പുലർ ഫ്രണ്ട് – എസ്.ഡി.പി.ഐ സംഘടനകൾ ശ്രമിക്കുന്നതെന്നും, പ്രസ്തുത സംഭവത്തിൽ പാർട്ടിക്കോ പ്രവർത്തകർക്കോ യാതൊരു പങ്കുമില്ലെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ.എം ഹരിദാസ് വ്യക്തമാക്കിയതായിരുന്നു.
പാലക്കാട് എലപ്പുള്ളിയിൽ ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് പോപ്പുലർ ഫ്രണ്ട് നേതാവ് കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ പ്രസിഡന്റ് കുത്തിയോട് സ്വദേശി സുബൈറാണ് (47) മരിച്ചത്. മസ്ജിദിൽ പ്രാർത്ഥനയ്‌ക്ക് ശേഷം മടങ്ങുന്നതിനിടെ സുബൈറിന് വെട്ടേൽക്കുകയായിരുന്നു.

