Saturday, May 18, 2024
spot_img

ഇനി നോര്‍ത്ത് ഈസ്റ്റ് മോഡല്‍ പരീക്ഷണം കേരളത്തിലേക്ക്; ബിജെപി സർക്കാരിന്റെ ദക്ഷിണേന്ത്യന്‍ സ്വപ്നങ്ങളിൽ ഒന്ന് പി.ടി.ഉഷയടക്കമുള്ളവരുടെ രാജ്യസഭാംഗത്വം; കേരളത്തില്‍ പ്രത്യേക നിരീക്ഷകരെ നിയോഗിച്ച് അമിത് ഷാ

ദില്ലി: ദക്ഷിണേന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപി. കായികതാരം പി.ടി ഉഷ കേരളത്തില്‍നിന്നും , സംഗീതജ്ഞന്‍ ഇളയരാജ തമിഴ്‌നാട്ടില്‍നിന്നും , ധര്‍മസ്ഥല ക്ഷേത്ര ധര്‍മാധികാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഡി.വീരേന്ദ്ര ഹെഗ്‌ഡെ കര്‍ണാടകയില്‍ നിന്നും, തിരക്കഥാകൃത്തും സംവിധായകനുമായ വി.വിജയേന്ദ്ര പ്രസാദ് തെലങ്കാനയില്‍നിന്നും എന്നിങ്ങനെ ദക്ഷിണേന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ നിന്ന് നാലു പ്രമുഖരെ രാജ്യസഭയിലേക്കു നാമനിര്‍ദ്ദേശം ചെയ്തിരിക്കുകയാണ് ബിജെപി. ദക്ഷിണേന്ത്യക്കാരനേയും ഉപരാഷ്ട്രപതിയായി പരിഗണിച്ചേക്കും.

ബിജെപി സർക്കാരിന്റെ ദക്ഷിണേന്ത്യന്‍ സ്വപ്നങ്ങളിൽ ഒന്നാണ് ഒളിംപ്യന്‍ താരം പി.ടി.ഉഷയടക്കമുള്ളവരുടെ രാജ്യസഭാംഗത്വം. പാര്‍ട്ടിയെ ദക്ഷിണേന്ത്യയില്‍ ശക്തിപ്പെടുത്തുക എന്നതാണ് ഉദ്ദേശം. ഉപരാഷ്ട്രപതി സ്ഥാനവും ദക്ഷിണേന്ത്യാക്കാരന് നല്‍കുന്നത് പരിഗണനയിലാണ്. കേരളത്തിലും ബിജെപി കേന്ദ്ര നേതൃത്വം കൂടുതല്‍ സജീവമാകും. ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്കുകയാണ് ലക്ഷ്യം. ക്രൈസ്തവ ഭൂരിപക്ഷ പ്രദേശമായ ഗോവയില്‍ ബിജെപി ഭരണമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്ക് മുന്‍തൂക്കമുണ്ട്. ഈ മോഡല്‍ കേരളത്തിലും സജീവമാക്കും.
അടുത്ത കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും. പി ടി ഉഷയെ അടക്കം മന്ത്രിയാക്കാന്‍ സാധ്യത ഏറെയാണ്. സുരേഷ് ഗോപിയെ അടക്കം മുന്നില്‍ നിര്‍ത്തി കേരളത്തില്‍ വോട്ട് കൂട്ടാമെന്നാണ് പ്രതീക്ഷ. പാര്‍ട്ടിയെ അടിമുടി ഉടച്ചു വാര്‍ക്കുന്നതും പരിഗണനയിലാണ്. എല്ലാവരേയും ഒരുമിച്ച്‌ കൊണ്ടു പോകുന്ന രാഷ്ട്രീയം കൊണ്ടു വരും. ആര്‍ എസ് എസുമായി ആലോചിച്ച്‌ കേരളത്തില്‍ അടക്കം മാറ്റങ്ങള്‍ അതിവേഗം കൊണ്ടു വരാനാണ് ശ്രമം.

അതിനായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ കേരളത്തില്‍ പാര്‍ട്ടി പരിപാടിക്കെത്തും. തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ സന്ദര്‍ശനം നടത്തും. പതിനെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി ഹൈദരാബാദില്‍ നടത്താന്‍ തീരുമാനിച്ചതും ഇതേ ലക്ഷ്യത്തോടെയായിരുന്നു. കേന്ദ്രത്തിലെ അധികാരത്തുടര്‍ച്ചയ്ക്കു ദക്ഷിണേന്ത്യയില്‍നിന്ന് അധിക സീറ്റുകള്‍ കിട്ടിയേ മതിയാകൂ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത ഈസ്റ്റില്‍ നിന്നും പരമാവധി സീറ്റുകള്‍ ബിജെപി നേടാനായി.

ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍ പ്രത്യേക നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. സ്വര്‍ണ്ണ കടത്ത് അടക്കമുള്ള വിവാദങ്ങളില്‍ കരുതലോടെയായിരിക്കും തീരുമാനമെടുക്കുക . ഇതെല്ലാം കേരളത്തില്‍ ബിജെപിക്ക് സഹായകകരമാകുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയുടെ വളര്‍ച്ച ഇനി ദക്ഷിണേന്ത്യയില്‍ നിന്നാകും എന്നാണ് ഹൈദരാബാദില്‍ അമിത് ഷാ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലുള്ളത്. പ്രമേയത്തെ പിന്തുണച്ച്‌ ആദ്യം സംസാരിച്ച കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഊന്നിപ്പറഞ്ഞതും അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട തന്ത്രങ്ങളായിരുന്നു. എന്നാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. അതുകൊണ്ട് കൂടുതല്‍ മുൻകരുതലുകള്‍ എടുക്കും. ബിജെപിക്ക് ബാലികേറാമലയായിരുന്ന വടക്കുകിഴക്ക് സംസ്ഥാനങ്ങളില്‍ സ്വീകരിച്ച തന്ത്രങ്ങള്‍ ദക്ഷിണേന്ത്യയില്‍ പ്രയോജനപ്പെടുത്താമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. ക്രിസ്ത്യന്‍ വിഭാഗം കൂടുതലായുള്ള കേരളവും ഗോവയുമടക്കമുള്ളിടത്തു വടക്കുകിഴക്കു നിന്നുള്ള നേതാക്കളുടെ അനുഭവപരിചയം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അറിയിച്ചു.

ഹൈദരാബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ രണ്ടാമത് എത്തുകയും മൂന്നു നിയമസഭാ സീറ്റുകളില്‍ വിജയിക്കുകയും ചെയ്ത തെലങ്കാന പിടിക്കുകയാണ് ആദ്യ ലക്ഷ്യം. ഹൈദരാബാദില്‍നിന്ന് നേരെ ആന്ധ്രപ്രദേശില്‍ പോയ നരേന്ദ്ര മോദി ഗോത്രവര്‍ഗക്കാരുടെ ഹീറോയായ സ്വാതന്ത്ര്യസമര സേനാനി അല്ലൂരി സീതരാമരാജുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തതതും വ്യക്തമായ ലക്ഷ്യബോധത്തോടെ തന്നെയാണ്.

Related Articles

Latest Articles