Saturday, January 3, 2026

ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവം. രമണ്‍ സിംഗ് എന്ന പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ജാര്‍ഗ്രാമിലെ ഗോപിബല്ലബ്പൂര്‍ മേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ജാര്‍ഗ്രാം. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയ ആരോപിച്ചു.

ബംഗാളിലെ ഈസ്റ്റ് മെദിനിപ്പൂര്‍ ജില്ലയിലെ ഭഗന്‍പൂരിലും ഇന്നലെ രാത്രി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായി. ഇവര്‍ക്ക് നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അനന്ത ഗുചൈത്, രഞ്ജിത് മൈതി എന്നിവര്‍ക്കാണ് വെടിയേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജാര്‍ഗ്രാമിന് പുറമെ തമ്ലുക്, കന്‍തി, ഘതല്‍, മെദിനിപ്പൂര്‍, ബങ്കുര, ബിഷ്ണുപുര്‍, പുരുലിയ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ബംഗാളില്‍ മൂന്നും നാലും അഞ്ചും ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂലുകാര്‍ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടിരുന്നു.

Related Articles

Latest Articles