മധ്യപ്രദേശിലെ ഹാർദയിൽ പടക്കനിർമാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ ആറു പേർക്ക് ദാരുണാന്ത്യം.59 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ നിരവധി വീടുകളും കത്തി നശിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വിദൂര പ്രദേശങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു . ഗ്രാമവാസികളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവം നടന്ന സമയത്ത് 150 ജീവനക്കാർ ഫാക്ടറിയിൽ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. അപകട കാരണം സംബന്ധിച്ച് നിലവിൽ വ്യക്തത ലഭിച്ചിട്ടില്ല
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അധികൃതരോട് സംഭവത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റവരെ ചികിത്സിക്കാൻ എല്ലാ സജ്ജീകരണങ്ങളും തയാറാക്കാൻ ഭോപ്പാലിലെയും ഇൻഡോറിലെയും മെഡിക്കൽ കോളജുകൾക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

