കാബൂൾ: കാബൂളിലെ ഇരട്ട സ്‌ഫോടനങ്ങൾക്ക് പിന്നിൽ ഐഎസ് ഭീകരരെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. ആക്രമണത്തിന് പിന്നിൽ ഐ.എസ്. ആണെന്ന് നേരത്തെ താലിബാനും അറിയിച്ചിരുന്നു. ഐഎസിന്റെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നതായും താലിബാന്റെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ ഇതിനുപിന്നാലെ തുടർ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായാണ് റിപ്പോർട്ട്.
അതേസമയം പ്രദേശത്ത് ഇനിയും സ്‌ഫോടനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിവരം. വിമാനത്താവളത്തിന് പുറത്ത് നടന്ന സ്‌ഫോടനങ്ങളെ ‘ഭീകര പ്രവർത്തനം’ എന്നാണ് താലിബാൻ വിശേഷിപ്പിച്ചത്. ഭീകരാക്രമണം നടത്തുമെന്ന് ഐഎസ്, അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. രാജ്യാന്തര സമൂഹത്തോട് താലിബാൻ പ്രതിജ്ഞാബദ്ധരാണ്. ഭീകരർക്ക് അവരുടെ പ്രവർത്തന കേന്ദ്രമായി അഫ്ഗാനെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും സബീഹുല്ല മുജാഹിദ് പറഞ്ഞു.
സംഭവത്തിൽ ഐക്യരാഷ്ട്രസഭയും, ഇന്ത്യയുമുൾപ്പെടെ നിരവധി രാജ്യങ്ങൾ അപലപിച്ചു. ഭീകരവാദത്തിനും ഭീകരർക്ക് താവളം നൽകുന്നവർക്കുമെതിരെ ലോകം ഒന്നിച്ചു നിൽക്കണമെന്നും ഭാരതം ആവശ്യപ്പെട്ടു. രണ്ട് സ്‌ഫോടനങ്ങളിലായി കുട്ടികളടക്കം 62 പേരാണ് മരിച്ചത്. 13 യു.എസ്. സൈനികരും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. ആക്രമിച്ചവർക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇതിൽ താലിബാൻകാരുമുണ്ടെന്നാണ് വിവരം.
അഫ്ഗാനിൽ നിന്ന് പലായനം ചെയ്യുന്നതിനായി ആയിരക്കണക്കിന് ആളുകൾ വിമാനത്താവളത്തിന് മുകളിൽ തിങ്ങിനിറഞ്ഞിരിക്കുമ്പോഴാണ് സ്‌ഫോടനം നടന്നത്. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് സമീപവും, ഒരു ഹോട്ടലിന് തൊട്ടുമുന്നിലുമായിരുന്നു സ്‌ഫോടനം. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഭീകരാക്രമണ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സ്‌ഫോടനങ്ങളുണ്ടായത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

