Saturday, January 3, 2026

ജീവിതത്തിലെ ധന്യ നിമിഷം ; മോഹൻലാലിന് കരസേനയുടെ ആദരം : ഇനിയും കൂടുതൽ സൈനിക സിനിമകൾ ചെയ്യും .ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകർഷിക്കുന്നതിന് പ്രാധാന്യം നല്കും; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മെഡൽ സമ്മാനിച്ചു .

ജീവിതത്തിലെ ധന്യ നിമിഷം ; മോഹൻലാലിന് കരസേനയുടെ ആദരം : ഇനിയും കൂടുതൽ സൈനിക സിനിമകൾ ചെയ്യും .ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകർഷിക്കുന്നതിന് പ്രാധാന്യം നല്കും; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മെഡൽ സമ്മാനിച്ചു .

ദില്ലി : ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച മോഹൻലാലിന് കരസേനയുടെ ആദരം .മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെെ ഭാഗമായിട്ട് 16 വർഷം തികയുന്ന വേളയിൽ ആണ് ആദരം. ഡല്‍ഹിയിലായിരുന്നു ആദരിക്കല്‍ ചടങ്ങ് നടന്നത് . കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്‌തു.കരസേനയില്‍ നിന്ന് ലഭിച്ചത് വലിയ അംഗീകാരമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തനിക്ക് ആദരം ലഭിച്ചെന്ന സന്തോഷം നടൻ മോഹൻലാൽ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, പിവിഎസ്എം, എവിഎസ്എം, എന്നിവർ ചേർന്നാണ് തന്നെ ആർമി ആസ്ഥാനത്തേക്ക് വിളിപ്പിച്ചതെന്നും ഏഴ് ആർമി കമാൻഡർമാരുടെ സാന്നിധ്യത്തിൽ തനിക്ക് ആദരം ലഭിച്ചുവെന്നും മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഓണററി ലെഫ്റ്റനന്റ് കേണൽ എന്ന നിലയിൽ ഈ അംഗീകാരം ലഭിക്കുന്നത് അഭിമാനത്തിന്റെയും നന്ദിയുടെയും നിമിഷമാണെന്നും ഈ ബഹുമതിക്കും അവരുടെ അചഞ്ചലമായ പിന്തുണയ്ക്കും ജനറൽ ഉപേന്ദ്ര ദ്വിവേദിയോടും, മുഴുവൻ ഇന്ത്യൻ സൈന്യത്തോടും, എന്റെ മാതൃ യൂണിറ്റായ ടെറിട്ടോറിയൽ ആർമിയോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും താരം കുറിച്ചു.

കഴിഞ്ഞ 16 വര്‍ഷമായി താനും കരസേനയുടെ ഭാഗമാണ്. തന്റെ പരിമിതിക്കുള്ളില്‍ നിന്ന് സൈന്യത്തിനും സാധാരണക്കാരുടെ ഉന്നമനത്തിനുമായി നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. രാജ്യത്തിനു വേണ്ടി നമുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും കരസേനാ മേധാവിയുമായി ചര്‍ച്ച ചെയ്തു, മോഹന്‍ലാല്‍ പറഞ്ഞു. ഈ ചര്‍ച്ച ചെറുതായിരുന്നെങ്കിലും, വലിയ പദ്ധതികള്‍ ഇനിയും വരാനുണ്ടെന്നും അദ്ദേഹം സൂചന നല്‍കി.സ്‌ക്രീനില്‍ നിരവധി തവണ സൈനികന്റെ വേഷം കൈകാര്യം ചെയ്ത മോഹന്‍ലാല്‍, ഇനിയും അത്തരം സിനിമകള്‍ ചെയ്യാന്‍ പദ്ധതിയിടുന്നതായും അറിയിച്ചു. ഞാന്‍ സൈന്യത്തെക്കുറിച്ച് നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും സംവിധാനം ചെയ്തത് മേജര്‍ രവിയാണ്. സൈന്യവുമായി ബന്ധപ്പെട്ട കൂടുതല്‍ സിനിമകളുമായി വരാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മോഹന്‍ലാലിന്റെ സിനിമാ രംഗത്തെ നേട്ടങ്ങളും, സംഭാവനകളും , രാജ്യസ്‌നേഹം പ്രോത്സാഹിപ്പിക്കുന്നതിലുള്ള പങ്കും പരിഗണിച്ച് 2009-ലാണ് അന്നത്തെ കരസേനാ മേധാവി ജനറല്‍ ദീപക് കപൂര്‍ അദ്ദേഹത്തെ ഓണററി ലഫ്റ്റനന്റ് കേണലായി നിയമിച്ചത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നടനാണ് മോഹന്‍ലാല്‍.

Related Articles

Latest Articles