Wednesday, May 15, 2024
spot_img

തലയ്ക്ക് വെടിയേറ്റ ദലിത് പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ; പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ അമ്മ; യുവതിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിക്കു മുന്‍പിൽ ബിജെപി ധർണ; അശോക് ഗെലോട്ടിന്റെ സിംഹാസനം ഉലയുന്നു

ജയ്പുർ : രാജസ്ഥാനിലെ കരൗലിയിൽ ദലിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം അതിരൂക്ഷമായി തുടരുന്നു. അശോക് ഗെലോട്ട് നയിക്കുന്ന കോൺഗ്രസ് സർക്കാരിന്റെ കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും മുന്നിലെത്തിയതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലാണ്.

യുവതിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിക്കു മുന്‍പിൽ ബിജെപി ധർണ നടത്തി. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം പ്രതിഷേധ ധർണയിൽ പങ്കെടുത്ത ബിജെപി എംപി കിരോഡി ലാൽ മീണ പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച തട്ടിക്കൊണ്ട് പോയ 19 വയസ്സുകാരിയായ പെൺകുട്ടിയുടെ മൃതദേഹം കഴി​ഞ്ഞ ദിവസമാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന് പൊലീസ് വ്യക്തമാക്കിയില്ല. വെടിയേറ്റാണ് പെൺകുട്ടി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്.

‌പോലീസിന്റെ നിരുത്തരവാദിത്തപരമായ സമീപനമാണ് തന്റെ മകളുടെ മരണത്തിനു കാരണമെന്നാരോപിച്ച് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവ് രംഗത്ത് വന്നു. പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് അവർ പറഞ്ഞു.

‘‘പുലർച്ചെ മൂന്നുമണിയോടെ മൂന്നോ നാലോ പേരുടെ സംഘം ഞങ്ങളുടെ വീട്ടിലെത്തി. അവളുടെ വായ മൂടിക്കെട്ടിയാണ് അവർ കൊണ്ടുപോയത്. ഞാൻ ഉറക്കെ നിലവിളിച്ചു. പക്ഷേ, അവർ അവളെ കൊണ്ടുപോയി. ഞങ്ങൾ പോലീസ് സ്റ്റേഷനിലേക്കു പോയെങ്കിലും കേസ് റജിസ്റ്റർ ചെയ്യാൻ അവർ തയാറായില്ല. കേസ് കൊടുക്കാനുള്ള സാഹചര്യമില്ലെന്നും എന്നോട് അവിടെ നിന്നു പോകാനും അവർ പറഞ്ഞു’’– പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

അതേസമയം കേസിലെ പ്രതികളിൽ ഒരാളെ അറസ്റ്റു ചെയ്തെന്നും മറ്റുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles