കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ചത്തിൽ വരൻ രാഹുലിനെതിരെ വധശ്രമത്തിനും കേസെടുത്ത് പോലീസ്. മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും എറണാകുളം ഞാറക്കൽ സ്വദേശിനിയായ വധുവിന്‍റെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വധശ്രമം കൂടി ഉൾപ്പെടുത്തിയത്. നേരത്തെ പെൺകുട്ടിയുടെ മൊഴിയനുസരിച്ച് വരനായ വള്ളിക്കുന്ന് സ്‌നേഹതീരത്തിൽ രാഹുലിന് (26) എതിരെ ഗാർഹിക പീഡനത്തിനായിരുന്നു കേസെടുത്തിരുന്നത്.
ഇതിനെതിരെ നവവധുവും ബന്ധുക്കളും ആക്ഷേപം ഉയർത്തിയിരുന്നു. തുടർന്ന് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറും അസിസ്റ്റന്‍റ് കമ്മിഷണറും പന്തീരാങ്കാവ് പോലീസ് ഇൻസ്‌പെക്‌ടറുമായി ചർച്ച നടത്തി. പിന്നാലെ വധുവിനെ ചികിത്സിച്ച ഡോക്‌ടറിൽ നിന്നും വിശദമൊഴി രേഖപ്പെടുത്തി. അതിനുശേഷമാണ് വധശ്രമം കൂടി ഉൾപ്പെടുത്തി കേസ് കൂടുതൽ ബലപ്പെടുത്തിയത്.
അതേസമയം, നവവധുവിന് ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ യുവതിക്ക് വനിത നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ യുവതിയുടെ ബന്ധുക്കളുമായി ആശയ വിനിമയം നടത്തി. മാനസിക പിന്തുണ ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കും.

