കോഴിക്കോട് : ഉരുപുണ്യ കാവ് ബീച്ചിൽ കഴിഞ്ഞ ദിവസം കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൊയിലാണ്ടി ഹാർബറിനടുത്ത് നിന്ന് കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. മുത്തായത്ത് കോളനിയിലെ ഷിഹാബിന്റെ മൃതദേഹമാണ് തിരച്ചിൽ നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് കണ്ടുകിട്ടിയത്.
ജൂലൈ 12 ന് രാവിലെ കടലിൽ ഇറങ്ങിയ ബദർ എന്ന മൽസ്യ ബന്ധന ബോട്ട് ഉച്ചയ്ക്ക് ശേഷം മോശം കാലാവസ്ഥയെ തുടർന്ന് മറിയുകയായിരുന്നു. ബോട്ടിൽ മൂന്നു മൽസ്യത്തൊഴിലാളികളാണുണ്ടായിരുന്നത് ഇതിൽ രണ്ടു പേരെ പ്രാദേശിക മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ജൂലൈ 12 ന് സംസ്ഥാന ഭരണകൂടത്തിന്റെ അഭ്യർത്ഥന ലഭിച്ച ഉടൻ രക്ഷാ പ്രവർത്തനത്തിനായി പുറപ്പെട്ട തീര സംരക്ഷണ സേനാ കപ്പൽ അർൺവേഷ് വൈകിട്ട് നാലുമണിയോടെ മേഖലയിലെത്തുകയും വ്യാപകമായ തിരച്ചിലാരംഭിക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള ഇന്നത്തെ തിരച്ചിലിലാണ് ഷിഹാബിന്റെ മൃതദേഹം കണ്ടെടുത്തത്. കോസ്റ്റ് ഗാർഡിന്റെ രണ്ടു കപ്പലുകൾ, നേവിയുടെ ഹെലികോപ്ടർ, പൊലീസ്, ഫയർ ഫോഴ്സ്, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.

