Friday, May 17, 2024
spot_img

മഹാരാഷ്ട്രയിൽ പെ‌ട്രോളിനും ഡീസലിനും വില കുറച്ച് ഷിൻഡെ സർക്കാർ; ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്ക് സമാനമായി ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കുമെന്ന് ഉപമുഖ്യമന്ത്രിയുടെ പ്രഖ്യാപനം

മുംബൈ: മഹാരാഷ്ട്രയിൽ പുതിയതായി അധികാരത്തിലേറിയ ഏക്നാഥ് ഷിൻഡെ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. മുഖ്യമന്ത്രി ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും നേതൃത്വത്തിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്ക് സമാനമായി ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കുമെന്ന് ചുമതലയേറ്റ ഉടൻ ഫഡ്‌നാവിസ് പറഞ്ഞിരുന്നു.

മെയ് 22, നവംബർ നാല് തീയതികളിൽ കേന്ദ്ര സർക്കാർ വാറ്റ് കുറച്ചിരുന്നുവെന്നും സംസ്ഥാനങ്ങളോടും വില കുറയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടെന്നും ഷിൻഡെ പറഞ്ഞു. എന്നാൽ, മുൻ മഹാവികാസ് അഘാഡി സർക്കാർ വില കുറച്ചില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനനികുതി കുറച്ചിരുന്നു. സാമ്പത്തിക സ്ഥിതി പഠിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാൻ തീരുമാനിച്ചു. നികുതി കുറച്ചത് സംസ്ഥാനത്തിന് 6,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ ന‌ടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് കൂടാതെ നഗർ പരിഷത്തിന്റെയും നഗർ പഞ്ചായത്തിന്റെയും തലവൻമാരെയും ഗ്രാമപഞ്ചായത്ത് സർപഞ്ചിനെയും നേരിട്ട് തിരഞ്ഞെടുക്കാനും സർക്കാർ തീരുമാനിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പീഡനം നേരിട്ടവർക്കുള്ള പെൻഷൻ പുനരാരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഫഡ്നവിസ് പ്രഖ്യാപിച്ചു.

Related Articles

Latest Articles