ഫറോക്ക് : ഇന്നലെ ഫറോക്ക് പാലത്തിൽനിന്നു ചാലിയാർ പുഴയിൽ ചാടിയ ദമ്പതികളിൽ കാണാതായ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡിൽ പുളിയഞ്ചേരി ക്വാർട്ടേഴ്സിൽ കാരിമണ്ണിൽ തട്ടാപുറത്തു ജിതിന്റെ (31) മൃതദേഹമാണു ഇന്ന് ഉച്ചയ്ക്കു ചെറുവണ്ണൂർ മുല്ലശ്ശേരി മമ്മിളിക്കടവിനു സമീപത്തു നിന്ന് കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ രാവിലെ പത്തരയോടെയാണു ഭാര്യ വർഷയുമൊത്ത് ജിതിൻ ഫറോക്ക് പാലത്തിൽനിന്നു പുഴയിൽ ചാടിയത്. ഇത് അതുവഴി വന്ന ലോറി ഡ്രൈവർ കണ്ടതോടെ ലോറി നിർത്തി അയാൾ ഇട്ടുകൊടുത്ത കയറിൽ പിടിച്ച വർഷ രക്ഷപ്പെട്ടു. കയറിൽ പിടിച്ചുകിടന്ന ഇവരെ പുഴയിലുണ്ടായിരുന്ന തോണിക്കാർ കരയ്‌ക്കെത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ അപകടനില തരണം ചെയ്തു. ഒഴുക്കു കൂടിയ ഭാഗത്ത് വീണ ജിതിനു ലോറി ഡ്രൈവർ ഇട്ടു കൊടുത്ത കയറിൽ പിടിക്കാനായില്ല.

