തിരുവനന്തപുരം : ജില്ലയിൽ മഴ കണക്കുന്നതിനിടെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 15 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ ഇതേ ഷട്ടറുകളെല്ലാം 5 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. ഷട്ടറുകൾ ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിന് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തിയുടെയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തിയുടെയും പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയുടെയും ആൻഡമാൻ കടലിനു മുകളിലെ മറ്റൊരു ചക്രവാതചുഴിയുടെയും സ്വാധീനത്താലാണ് സംസ്ഥാനത്ത് കാലവർഷം കനക്കാൻ കാരണം.പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി മലയോര/ തീരദേശ മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ പ്രത്യേക ജാഗ്രത നിർദേശം നൽകിയിരുന്നു .
റവന്യൂ, പോലീസ്, അഗ്‌നിരക്ഷാ സേന, തുടങ്ങി വിവിധ സർക്കാർ സംവിധാനങ്ങളോട് ജാഗ്രത പാലിക്കാനും മുന്നൊരുക്കം പൂർത്തിയാക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.കോഴിക്കോട്, മലപ്പുറം, വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ NDRF സംഘങ്ങളെ നിയോഗിച്ചു. കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി

