Saturday, January 3, 2026

പോലീസ് സ്റ്റേഷനെതിരായ ബോംബ് ഭീഷണി ! ഗുണ്ട തീക്കാറ്റ് സാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മൂന്നു കേസുകള്‍ കൂടി ; ഗുണ്ടകളുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ ; സാജനായുള്ള തെരച്ചിൽ തുടരുന്നു

ഗുണ്ടാ നേതാവ് തീക്കാറ്റ് സാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ഈസ്റ്റ് പൊലീസ് സ്റ്റേഷനും സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസും ബോംബുവച്ച് തകര്‍ക്കുമെന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കും വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കും കമ്മിഷണര്‍ ഓഫീസിലേക്കും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ രണ്ടും വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഒരു കേസും ചാര്‍ജ് ചെയ്തത്.

തെക്കേ ഗോപുരനടയില്‍ ഇയാളുടെ ജന്മദിനം ആഘോഷിക്കാനെത്തിയ സംഘാംഗങ്ങളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തതിതിന് പിന്നാലെയാണ് ബോംബു ഭീഷണി മുഴക്കിയത്. തുടർന്ന് ഇയാൾ താമസിക്കുന്ന വീട്ടില്‍ റെയ്ഡു നടത്തിയെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്നും സാജനും കൂട്ടാളികള്‍ക്കുമെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു.

ഇയാളുമായി ബന്ധം പുലർത്തുന്ന ഗുണ്ടകളുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്. . തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ് പോലിസും ഷാഡോ പോലീസുമാണ് സാജനായി അന്വേഷണം നടത്തുന്നത്. ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചനയുണ്ട്. രണ്ട് കൊലപാതക ശ്രമം ഉള്‍പ്പെടെ 14 കേസുകളാണ് തീക്കാറ്റ് സാജനെതിരെയുള്ളത്.

പ്ലസ് ടു വരെ പഠിച്ചിട്ടുള്ള ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 24 വയസ്സിനുള്ളില്‍ കൊലപാതകശ്രമം ഉള്‍പ്പടെ പത്തിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സാജന്റെ ജീവിതാഭിലാഷം ഗുണ്ടയാവുക എന്നതായിരുന്നു. ക്രിമിനൽ കേസുകളിൽ നിരന്തരം ഉൾപ്പെട്ടതോടെ തീക്കാറ്റ് സാജനെന്ന പേരും വീണു.

Related Articles

Latest Articles