Monday, June 17, 2024
spot_img

പരസ്പരസമ്മതത്തോടെ ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ല’-അപ്പീല്‍ ഹര്‍ജിയിൽ പരാമർശവുമായി ബോംബെ ഹൈക്കോടതി

മുംബൈ:ദീര്‍ഘകാലം പരസ്പരസമ്മതത്തോടെ ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് ബോംബെ ഹൈക്കോടതി. കീഴ്ക്കോടതി വിധിക്കെതിരായ അപ്പീല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഈ പരാമര്‍ശം.

തുടർന്ന് ഇതുമായി ബന്ധപ്പെട്ട കേസില്‍ യുവാവിനെ കുറ്റക്കാരനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി.

പാല്‍ഘറിലെ കാശിനാഥ് ഗാരട്ട് എന്നയാള്‍ക്കെതിരെയാണ് കീഴ്ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

പെണ്‍കുട്ടിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിച്ചെന്നതായിരുന്നു ഇയാള്‍ക്കെതിരായ കുറ്റം.

ഇയാൾക്കെതിരെ ബലാത്സംഗം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. എന്നാല്‍, അഡീഷണല്‍ സെഷന്‍സ് ജഡ്ജി വഞ്ചനാകേസില്‍ ഇയാളെ ശിക്ഷിച്ചു. ബലാത്സംഗക്കേസില്‍ വെറുതെ വിടുകയും ചെയ്തു.

ഇതിനെതിരെയോണ് കാശിനാഥ് ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജസ്റ്റിസ് അഞ്ജു പ്രഭുദേശായിയാണ് അപ്പീല്‍ ഹര്‍ജി പരിഗണിച്ചത്. താന്‍ വഞ്ചിതയായെന്ന് തെളിയിക്കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ലെന്നും ശാരീരികബന്ധം പരസ്പരസമ്മതത്തോടെയായിരുന്നെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം വ്യാജ വിവരങ്ങള്‍ നല്‍കിയോ വഞ്ചനയിലൂടേയോ അല്ല പെണ്‍കുട്ടിയുമായി യുവാവ് ശാരീരികബന്ധത്തിലേര്‍പ്പെട്ടത്. ശേഷം വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നത് വഞ്ചനയായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Related Articles

Latest Articles