അഴിമതിക്കഥകളുടെ അരങ്ങൊഴിഞ്ഞതോടെ ഭാരതം ഒരു പുതിയ ഉയർത്തെഴുന്നേൽപ്പിനു തയ്യാറെടുക്കുകയായിരുന്നു. 2104 ൽ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചതിനു ശേഷം ഖജനാവ് കയ്യിട്ടു വാരുന്ന പരിപാടി സ്വിച്ചിട്ടപോലെ നിലച്ചു. നോട്ടു നിരോധനവും GST അടക്കമുള്ള നികുതി പരിഷ്‌കാരങ്ങളും ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ ഒരു ഫോർമൽ എക്കോണമിയാക്കി. 5 ട്രില്യൺ എന്ന സ്വപ്നലക്ഷ്യവുമായി നാം കുതിക്കുമ്പോഴാണ് വുഹാനിൽ നിന്നെത്തിയ കോവിഡ് ലോകത്തെയാകെ പിടിച്ചു കുലുക്കിയത്. മുൻപരിചയമില്ലാത്ത സാഹചര്യങ്ങളിലും പക്ഷെ രാജ്യം തളർന്നില്ല.
വൻകിട രാഷ്ട്രങ്ങളടക്കം പകച്ചു നിന്നപ്പോൾ ഈ വലിയ ജന സഞ്ചയത്തെ നാല് ചുമരുകൾക്കകത്താക്കിയ മഹാ ലോക് ഡൌൺ ജന പങ്കാളിത്തത്തോടെ തന്നെ പ്രഖ്യാപിക്കപ്പെട്ടു. രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ യുദ്ധകാലാടിസ്ഥാനത്തിലുള്ള വികസനത്തിന് ഈ നാട് സാക്ഷിയായി. സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ള ജനങ്ങൾക്ക് വരെ കരുതലും സംരക്ഷണവും ഉറപ്പുവരുത്തി. സൗജന്യ റേഷൻ മുതൽ അക്കൗണ്ടുകളിലേക്കുള്ള നേരിട്ടുള്ള പണമിടൽ വരെ ജനങ്ങളുടെ കണ്ണീരൊപ്പി. ലക്ഷം കോടികളുടെ സാമ്പത്തികോത്തേജന പാക്കേജുകൾ സമ്പത് വ്യവസ്ഥയെ തിരികെ എത്തിക്കുന്നതിലും തൊഴിലുകൾ പുനഃസ്ഥാപിക്കുന്നതിലും നിർണ്ണായകമായി. വാക്‌സിൻ കമ്പനികളോട് തോളോട് തോൾ ചേർന്ന് രാജ്യം സ്വന്തമായി വാക്‌സിൻ നിർമ്മിച്ചു. ഒട്ടും കാല താമസമില്ലാതെ വൻകിട രാജ്യങ്ങളോടൊപ്പം നമ്മുടെ രാഷ്ട്രവും വാക്‌സിനേഷൻ ആരംഭിച്ചു. സ്വന്തം നാട്ടുകാർക്ക് മാത്രമല്ല രോഗം തളർത്തിയ പല രാജ്യങ്ങൾക്കും വാക്‌സിൻ നൽകി ഇന്ത്യ മാതൃകയായി. വിവേചനങ്ങൾ ഒന്നുമില്ലാതെ രാജ്യത്തിന്റെ സ്വന്തം ഡിജിറ്റൽ പ്ലാറ്റഫോമിന്റെ സഹായത്താൽ കോടിക്കണക്കിന് ജനങ്ങൾ തിക്കും തിരക്കുമില്ലാതെ സൗജന്യമായി വാക്‌സിനെടുത്തു. ചുരുങ്ങിയ കാലത്തിനുള്ളിൽ 90 ശതമാനം ജനങ്ങളും വാക്‌സിൻ ഒന്നാം ടോസ്സ്എടുത്തു. 61 ശതമാനം ആളുകൾ രണ്ടാം ഡോസും പൂർത്തിയാക്കി.
ഒമൈക്രോൺ അടക്കമുള്ള വകഭേദങ്ങളിൽ ലോകം പകച്ചു നിൽക്കുമ്പോൾ രാജ്യം ഇന്നലെ ആശ്വാസത്തോടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ശ്രവിച്ചത്. രാജ്യം പ്രതിരോധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. കുട്ടികൾക്ക് നൽകാനുള്ള രണ്ടു വാക്‌സിനുകൾക്ക് അംഗീകാരം നൽകി. 15 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ജനുവരി 3 മുതൽ വാക്‌സിൻ നല്കിത്തുടങ്ങും. കൂടാതെ മുൻഗണനാ വിഭാഗം ജനങ്ങൾക്ക് ഉടൻ ബൂസ്റ്റർ ടോസ് നൽകും. കോവിഡിനെ സമ്പൂർണ്ണമായി രാജ്യത്തുനിന്ന് തുരത്തുക തന്നെ ചെയ്യുമെന്ന ഉറച്ച പ്രഖ്യാപനമാണ് ഈ നടപടികളിലൂടെ സർക്കാർ വ്യക്തമാക്കുന്നത്. കോവിഡിനെ പ്രതിരോധിക്കുക എന്ന തീവ്രവ്രതം മുന്നിൽ നിന്ന് നയിക്കുന്ന പ്രധാനമന്ത്രി തന്നെ അടുത്ത ഘട്ടത്തെ കുറിച്ച് ജനങ്ങളോട് നേരിട്ട് പറയുമ്പോൾ രാജ്യം വലിയ ആത്മവിശ്വാസത്തിലാണ്. പ്രധാനമന്ത്രി പറഞ്ഞതുപോലെ ഇന്ന് നമുക്ക് 18 ലക്ഷം ഐസൊലേഷൻ ബെഡ്ഡുകളും 5 ലക്ഷം ഓക്സിജൻ കിടക്കകളും 1.4 ലക്ഷം ICU കിടക്കകളും കുട്ടികൾക്കായി 90000 പ്രത്യേക കിടക്കകളുമുണ്ട്. 3000 തിലധികം പി എഫ് എ ഓക്സിജൻ പ്ലാന്റുകൾ പുതുതായി പ്രവർത്തന സജ്ജമായിട്ടുണ്ട്. ഇത് കൂടാതെ നാല് ലക്ഷം ഓക്സിജൻ സിലിണ്ടറുകൾ എല്ലാ സംസ്ഥാനങ്ങൾക്കുമായി നൽകിയിട്ടുണ്ട്.

