ഗുരുഗ്രാം:കാമുകന്‍ ജീവനൊടുക്കിയതിന് പിന്നാലെ മനംനൊന്ത് യുവതി ജീവനൊടുക്കി.ഹരിയാനയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഗുരുഗ്രാമില്‍ ജോലി ചെയ്തുവരികയായിരുന്ന മഞ്ജു എന്ന മുപ്പതുകാരിയാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്.ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ചികിത്സയിലായിരുന്ന മഞ്ജു കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
തീപ്പൊള്ളലേറ്റ യുവതിയെ ആദ്യം പ്രദേശത്തെ സിവിൽ ഹോസ്പിറ്റലിലേക്കും ആരോഗ്യ നില വഷളായതോടെ ദില്ലിയിലെ സഫ്ദർജംഗ് ഹോസ്പിറ്റലിലേക്കും മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബിഹാര്‍ സ്വദേശിയായ യുവതി ഏറെ നാളായി ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. സെക്ടർ 37 ഏരിയയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മഞ്ജുവിന്‌റെ കാമുകന്‍ ബാബു ലാല്‍ ഞായറാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് യുവതിയുടെ ആത്മഹത്യയെന്ന് സെക്ടർ 37 പോലീസ് പറഞ്ഞു.
യുവതി താമസിക്കുന്നതിനടുത്ത് പലചരക്ക് കട നടത്തുകയായിരുന്നു ബാബുലാല്‍. വിവാഹിതനായ ബാബുലാലുമായി യുവതി പ്രണയത്തിലായിരുന്നു. അപ്രതീക്ഷിതമായാണ് കഴിഞ്ഞ ഞായറാഴ്ച ബാബുലാല്‍ നാടന്‍ തോക്കുപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. ഈ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ യുവതിയും മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നും ഇരുവരുടെയും പക്കല്‍ നിന്ന് ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇരുവരുടെയും മരണത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

