Saturday, May 18, 2024
spot_img

ബ്രഹ്മപുരം തീപിടിത്തം;തീയണയ്ക്കാൻ വിയർപ്പൊഴുക്കിയ ജെസിബി ഓപ്പറേറ്റർമാരോട് അവഗണന; വാഗ്ദാനം ചെയ്ത ബാറ്റ ലഭിച്ചില്ലെന്ന് ആരോപണം

കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ അണയ്ക്കാൻ വിഷപ്പുക ചുരുളുകൾക്കിടയിൽ രാവും പകലും വിയർപ്പൊഴുക്കിയ ജെസിബി ഓപ്പറേറ്റർമാർക്കു വാഗ്ദാനം ചെയ്ത കൂലി നൽകിയില്ലെന്ന് ആരോപണം. പ്രതിദിനം സാധാരണ കൂലിയിലും കുറച്ചു നിശ്ചിത തുക മാത്രമാണ് നൽകിയതെന്ന് ഇവർ പറയുന്നു. തീ പൂർണമായും ഒടുങ്ങിയെങ്കിലും അടിയന്തരാവശ്യങ്ങൾ മുൻ നിർത്തി അഞ്ച് ജെസിബികളുടെ ഓപ്പറേറ്റർമാർ ഇവിടെ തുടരുകയാണ്. ഇവരുടെ ബാറ്റയുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇവർക്ക് ഇന്നലെ മുതൽ താമസ ചെലവ് നൽകില്ലെന്ന് കൊച്ചി കോർപറേഷൻ അറിയിച്ചിട്ടുണ്ട്

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ 12 ദിവസം നീണ്ടുനിന്ന തീപിടിത്തം അണയ്ക്കാൻ അഗ്നിരക്ഷാ സേനയോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചവരാണ് ജെസിബി ഓപ്പറേറ്റർമാർ. ദുരന്തനിവാരണ നിയമപ്രകാരം പിടിച്ചെടുത്ത മണ്ണുമാന്തി യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർക്കാണു പറഞ്ഞ ബാറ്റ പോലും നൽകാത്തത്.

രാവും പകലുമില്ലാതെ ഈ ദിവസങ്ങളിൽ അധ്വാനിച്ച എല്ലാവർക്കും പ്രതിദിനം 1500 രൂപ മാത്രമാണു നൽകിയത്. സാധാരണ കിട്ടുന്ന ബാറ്റ തരുമെന്നു പറഞ്ഞാണ് മുനിസിപ്പാലിറ്റിക്കാർ വിളിച്ചതെന്നും അവസാനമായപ്പോഴേക്കും പറഞ്ഞ ബാറ്റയൊന്നും തതരാതെ പലർക്കും പകുതി ബാറ്റയൊക്കെ നൽകിയാണു പറഞ്ഞുവിട്ടതെന്നും ജെസിബി ഓപ്പറേറ്റർ ആരോപിക്കുന്നു.

‘അടിയന്തരാവശ്യങ്ങൾക്കായി 13–ാം തീയതി മുതൽ ഇതുവരെ ഞങ്ങൾ അഞ്ച് ഓപ്പറേറ്റർമാരെ പിടിച്ചുനിർത്തിയിട്ടുണ്ട്. ഞങ്ങളുടെ ബാറ്റയുടെ കാര്യം ചോദിക്കുമ്പോൾ അറിയില്ല എന്നാണ് അധികൃതരുടെ മറുപടി. ഫണ്ടില്ലെന്നാണ് പറയുന്നത്. ജെസിബി ഓപ്പറേറ്റർമാരുടെ പരാതി ജില്ലാ ഫയർ ഓഫിസർ കോർപറേഷനെ അറിയിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല’.ജെസിബി ഓപ്പറേറ്ററായ ആകാശ് കെ.ബാബു ആരോപിച്ചു.

Related Articles

Latest Articles