Wednesday, October 28, 2026

സ്‌കൂൾ തുറക്കൽ ! വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം ; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. പ്ലസ് വൺ സീറ്റുകളെക്കുറിച്ചുള്ള ചർച്ചക്കിടെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ കയ്യിൽ കരുതിയ ടി ഷർട്ട് ഉയർത്തി പ്രതിഷേധിച്ചു. തുടർന്ന് ഇയാളെ യോഗത്തിൽ നിന്നും പുറത്താക്കുകയും പിന്നാലെ കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പെന്നും ബാച്ച് വർധിപ്പിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ചർച്ച ചെയ്യാനാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി യുവജന, വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചത്. യോഗത്തിൽ എംഎസ്എഫിനെ പ്രതിനിധീകരിച്ചെത്തിയ സംസ്ഥാന സെക്രട്ടറി നൗഫൽ കുളപ്പട യോഗം തുടങ്ങിയ സമയം തന്നെ പ്രതിഷേധമുയർത്തുകയായിരുന്നു. 45,000ത്തിൽ അധികം സീറ്റുകൾ മലബാറിൽ വേണം എന്നതായിരുന്നു എംഎസ്എഫിന്റെ ആവശ്യം. പ്ലസ് വൺ സീറ്റുകൾ മലബാറിന്റെ അവകാശമെന്നും മലബാർ കേരളത്തിലാണെന്നും എഴുതിയ ടി ഷർട്ട് ഉയർത്തിക്കാണിച്ചായിരുന്നു പ്രതിഷേധം. ഇടത് സംഘടനയിലെ വിദ്യാർത്ഥികൾ ബലം പ്രയോഗിച്ച് നൗഫലിനെ പുറത്താക്കുകയായിരുന്നു. യോഗം നടന്ന ഹാളിനു പുറത്തു കുത്തിയിരിപ്പു പ്രതിഷേധം തുടർന്ന നൗഫലിനെ കന്റോൺമെന്റ് പൊലീസ് എത്തി അറസ്റ്റ് ചെയ്തു.

പാലക്കാടു മുതൽ കാസർഗോഡ് വരെയുള്ള ജില്ലകൾ ഉൾക്കൊള്ളുന്ന മലബാർ മേഖലയിൽ വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് പ്ലസ് വണ്ണിൽ സീറ്റുകളില്ല. ഇതിൽ മലപ്പുറം ജില്ലയിൽ മാത്രം 14,000 ത്തോളം സീറ്റുകളുടെ കുറവുണ്ട്. എന്നാൽ തെക്കൻ ജില്ലകളിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം പത്താം ക്ലാസ് പാസ്സായ വിദ്യാർഥികളുടേതിനേക്കാൾ കൂടുതലാണ്.

Related Articles

Latest Articles