ദില്ലി : ഇന്ത്യൻ നാവികസേനയുടെ ആദ്യ ആന്റി- സബ് മറൈൻ യുദ്ധകപ്പലായ ‘അർണാല’ ഈ മാസം 18 ന് വിശാഖപട്ടണത്തെ നേവൽ ഡോക്ക്യാർഡിൽ കമ്മീഷൻ ചെയ്യും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ ആയിരിക്കും കമ്മീഷനിംഗ് നിർവഹിക്കുക. ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) പരമ്പരയിലെ ആദ്യത്തെ യുദ്ധക്കപ്പലാണ് അർണാല. 77 മീറ്റർ നീളവും 14,90 ടണ്ണിൽ കൂടുതൽ ഭാരവുമാണ് ഈ യുദ്ധക്കപ്പലിനുള്ളത്. ഡീസൽ എഞ്ചിൻ-വാട്ടർജെറ്റ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ യുദ്ധക്കപ്പലാണിത്. കപ്പലിന്റെ മുദ്രാവാക്യമായി ദേവനാഗരി ലിപിയിൽ സമുദ്രത്തിന്റെ ശൗര്യം എന്നർത്ഥം വരുന്ന “അർണവേ ശൗര്യം” എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് & എഞ്ചിനീയേഴ്സ് ആണ് കപ്പൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ എൽ & ടി ഷിപ്പ് ബിൽഡേഴ്സുമായി സഹകരിച്ചായിരുന്നു നിർമ്മാണം. 80 ശതമാനത്തിലധികം തദ്ദേശീയ ഭാഗങ്ങളോടെയാണ് യുദ്ധക്കപ്പൽ നിർമ്മിച്ചിരിക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), എൽ ആൻഡ് ടി, മഹീന്ദ്ര ഡിഫൻസ്, MEIL എന്നിവയുൾപ്പെടെ പ്രമുഖ ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളിൽ നിന്നുള്ള നൂതന സംവിധാനങ്ങൾ ആണ് ഈ യുദ്ധക്കപ്പലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊൽക്കത്തയിലും കാട്ടുപ്പള്ളിയിലും സ്ഥിതി ചെയ്യുന്ന കപ്പൽ ഉൽപ്പാദന ഡയറക്ടറേറ്റിന്റെയും യുദ്ധക്കപ്പൽ മേൽനോട്ട സംഘങ്ങളുടെയും മേൽനോട്ടത്തിലായിരുന്നു നിർമാണം. കഴിഞ്ഞ മാസം 8 ന് കപ്പൽ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി.

